'ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം', ഇച്ചാക്കയ്ക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ഉമ്മ, വിഡിയോ 

ജേഷ്ഠസഹോദരന്റെ പിറന്നാള്‍ എന്നാണ് ഈ ദിവസത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:48 am IST
Edited by :migrator

70-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ജേഷ്ഠസഹോദരന്റെ പിറന്നാള്‍ എന്നാണ് ഈ ദിവസത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ ഉയര്‍ച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാനിധ്യമാണ് മമ്മൂക്കയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അദ്ദേഹം പറയുന്നത്. 

നാല് പതിറ്റാണ്ടിനിടെ ഇരുവരും ഒന്നിച്ചത് 53 സിനിമകളിലാണ്, അഞ്ച് സിനിമകള്‍ ഒന്നിച്ച് നിര്‍മ്മിക്കുകയും ചെയ്തു. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം എന്നാണ് ഞാന്‍ കരുതുന്നത് എന്നും മോഹന്‍ലാല്‍ വിഡിയോയില്‍ പറയുന്നത്. 

അദ്ദേഹത്തിന്റെ വാക്കുകള്‍:  "പ്രിയപ്പെട്ട ഇച്ചാക്ക, ജന്മദിനാശംസകള്‍. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്, കാരണം ഇതെന്റെയും കൂടി ജേഷ്ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിര്‍വിശേഷമായ വാത്സല്യം കൊണ്ട്, ജേഷ്ഠതുല്യമായ കരുതല്‍ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷനല്‍ ജീവിതത്തിലെയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാനിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാള്‍ ഞാനും എന്റെ കുടുംബവും ഒപ്പമാഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാകുന്നു എന്നതുതന്നെ സുകൃതം. അഭിനയത്തില്‍ തന്റേതായ ശൈലികാണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്‌ക്കൊപ്പം എന്റേയും പേര് വായ്ക്കപ്പെടുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. നാല് പതിറ്റാണ്ടിനിടെ ഞങ്ങള്‍ ഒന്നിച്ചത് 53 സിനിമകളില്‍, ഒന്നിച്ച് നിര്‍മ്മിച്ചത് 5 സിനിമകള്‍. ഇതൊക്കെ വിസ്മയം എന്നേ കരുതാനാകൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം എന്നാണ് ഞാന്‍ കരുതുന്നത്. ഇച്ചാക്കയില്‍ നിന്ന് ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്ക് തന്നെയും കുടുതല്‍ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്നാശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളില്‍ ഇനിയുമേറെ ഇടം കിട്ടട്ടെയെന്നും ഇനിയും ഞങ്ങള്‍ക്കൊന്നിക്കാനാവുന്ന മികച്ച സിനിമകള്‍ ഉണ്ടാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കി എന്റെ ഈ ജേഷ്ഠസഹോദരനെ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാള്‍ ഉമ്മ".
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now