വിവേകിന്റെ ഹൃദയാഘാതത്തിന് വാക്‌സിനുമായി ബന്ധമുണ്ടോ? വിശദീകരിച്ച് ഡോക്ടര്‍മാര്‍

വിവേകിന്റെ ഹൃദയാഘാതത്തിന് വാക്‌സിനുമായി ബന്ധമുണ്ടോ? വിശദീകരിച്ച് ഡോക്ടര്‍മാര്‍

വിവേക്/ഫയല്‍
Last Updated :20 January 2024, 8:43 am IST

ചെന്നൈ: നടന്‍ വിവേകിനു ഹൃദയാഘാതം ഉണ്ടായതിനു കോവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്നു പറയാനാവില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച എസ്‌ഐഎംഎസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. വിവേകിനു കടുത്ത ഹൃദയാഘാതമാണ് ഉണ്ടായതെന്നും ഇടത്തേ ധമനിയില്‍ നൂറു ശതമാനം ബ്ലഡ് കോട്ട് ഉണ്ടായിരുന്നതായും ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി പറഞ്ഞു.

വെന്‍ട്രിക്യുലാര്‍ ഫൈബ്രിലേഷന്‍ എന്ന ഇനത്തില്‍ പെട്ട ഹൃദയാഘാതമാണ് വിവേകിന് ഉണ്ടായത്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ കുറയുകയാണ് ഇതിലൂടെ സംഭവിക്കുകയെന്ന് ഡോക്ടര്‍ വിശദീകരിച്ചു.

''വിവേകിന് ഇത് ആദ്യമായാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. എന്നാല്‍ അതു കടുത്തതായിരുന്നു. ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു.''- സ്റ്റെന്റ് ഘടിപ്പിച്ചെന്നും ഡോക്ടര്‍ പറഞ്ഞു.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വിവേകിന് ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഹരീഷ് കല്യാണ്‍ നായകനായ ധാരാള പ്രഭു ആണ് ഒടുവില്‍ വേഷമിട്ട ചിത്രം. കമല്‍ഹാസന്റെ ഇന്ത്യ 2ലും നടന്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
 

News Now