'കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു; രണ്ട് മാസം വീടിന് പുറത്തിറങ്ങിയില്ല, മാനസികമായി തകര്‍ന്നു'; വെളിപ്പെടുത്തി രേവ

സുഹൃത്തുക്കളോടും വീട്ടുകാരോടുമെല്ലാം വലിയൊരു സിനിമ ചെയ്യാന്‍ പോകുന്നതായി പറഞ്ഞിരുന്നു

Reva Kaurase
Reva Kaurase
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :7 ജൂലൈ 2026, 2:52 pm IST

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി രേവ കൗരസെ. ബിഗ് ബോസ് മറാഠിയിലൂടെയാണ് രേഖ താരമാകുന്നത്. നേരത്തെ ടെലിവിഷന്‍ പരമ്പകളില്‍ അഭിനയിച്ച് കയ്യടി നേടിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും മോശം അനുഭവമെന്നാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് രേഖ പറയുന്നത്. മാനസികാരോഗ്യത്തേയും കരിയറിനേയും ആ സംഭവം ബാധിച്ചെന്നും രേഖ പറയുന്നു.

മുംബൈയില്‍ നിന്നും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി ഹൈദരാബാദിലെത്തിയതായിരുന്നു രേവ. മൂന്ന് ദിവസം ചിത്രത്തിന് വേണ്ടി ലുക്ക് ടെസ്റ്റ് നല്‍കാനും കാമറ ട്രയലുകള്‍ക്കുമൊക്കെയായി മാറ്റി വച്ചു. അപ്പോഴെല്ലാം വളരെ പ്രൊഫഷണല്‍ സമീപനമായിരുന്നു. അതിനാല്‍ വേഷം ലഭിച്ചെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്നും രേവ പറയുന്നു.

'അവര്‍ എനിക്ക് ഹൈദരാബാദിലേക്ക് ടിക്കറ്റെടുത്തു തന്നു. എല്ലാം വളരെ പ്രൊഫഷണല്‍ ആയിരുന്നു. ലുക്ക് ടെസ്റ്റും, കാമറ ട്രയലും വര്‍ക്ക് ഷോപ്പുമൊക്കെയായി മൂന്ന് ദിവസം പോയി. ആ സിനിമ കിട്ടിയെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു'' താരം പറയുന്നു. പ്രതിഫലത്തെക്കുറിച്ച് വരെ സംസാരിച്ചു. കരാര്‍ ഒപ്പിടാന്‍ ശുഭമുഹൂര്‍ത്തം നോക്കി പറയാമെന്നും പറഞ്ഞു. എന്നാല്‍ പിന്നാലെ അവര്‍ ബന്ധപ്പെടാതായെന്നാണ് താരം പറയുന്നത്.

''ഒടുവില്‍ ഞാന്‍ അവരോട് ചോദിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് നിര്‍മാതാവിന് ഞാന്‍ 'പേഴ്‌സണല്‍ ഫേവേഴ്‌സ്' ചെയ്യണമെന്ന് പറയുന്നത്. ഞാന്‍ ഞെട്ടിപ്പോയി. കരിയറിന്റെ തുടക്കകാലമാണ്. ഒരാള്‍ അങ്ങനെ പറയുമെന്ന് വിശ്വസിക്കാനായില്ല'' താരം പറയുന്നു. അതോടെ ആ സിനിമ വേണ്ടെന്ന് തന്നെ രേവ തീരുമാനിച്ചു.

''ആ വ്യക്തിയോട് ഞാന്‍ പിന്നീട് സംസാരിച്ചിട്ടില്ല. അതായിരുന്നു നിബന്ധനയെങ്കില്‍ അവര്‍ക്കത് നേരത്തെ പറയാമായിരുന്നു. എന്റെ സമയം കളയേണ്ടി വരില്ലായിരുന്നു. തിരിച്ചുവരാന്‍ അവര്‍ എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് തന്നില്ല. ഞാന്‍ തന്നെ ടിക്കറ്റെടുത്താണ് പൂനെയിലേക്ക് വന്നത്. എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. അതിനാല്‍ ആദ്യമൊന്നും വീട്ടില്‍ പറഞ്ഞില്ല''.

''എനിക്ക് അതില്‍ നിന്നും പുറത്തുവരാന്‍ സമയം വേണ്ടിയിരുന്നു. രണ്ട് മാസത്തേക്ക് ഞാന്‍ പുറത്തിറങ്ങിയിട്ടില്ല. സുഹൃത്തുക്കളോടും വീട്ടുകാരോടുമെല്ലാം വലിയൊരു സിനിമ ചെയ്യാന്‍ പോകുന്നതായി പറഞ്ഞിരുന്നു. അതിനാല്‍ സിനിമയില്ലാതെ തിരിച്ചുവന്നുവെന്ന് പറയാനായില്ല. കുടുംബത്തോട് പറയാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല'' താരം പറയുന്നു. പിന്നീട് സഹോദരിയോട് തുറന്ന് പറയുകയായിരുന്നുവെന്നും രേവ പറയുന്നു.

News Now

Summary

Actress Reva Kaurase reveals facing casting couch from South.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates