'ഡാ അനൂപേ, ന്റെ അച്ഛന്റെ മണം'; ഓണക്കോടി കിട്ടാത്തയാള്‍ക്ക് ഉടുമുണ്ട് ഊരി നല്‍കിയ മണി; ഓര്‍മ പങ്കിട്ട് അനൂപ് ചന്ദ്രന്‍

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ആറാം തിയ്യതി മലയാളക്കര മുഴുവന്‍ കരഞ്ഞു.

Kalabhavan Mani, Anoop Chandran
Kalabhavan Mani, Anoop Chandranഫെയ്സ്ബുക്ക്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :7 മാർച്ച് 2026, 12:37 pm IST

കലാഭവന്‍ മണിയെക്കുറിച്ചുളള ഓര്‍മ പങ്കിട്ട് നടന്‍ അനൂപ് ചന്ദ്രന്‍. മണിയെ താന്‍ ഇഷ്ടപ്പെടാന്‍ കാരണമായൊരു സംഭവമാണ് അനൂപ് ചന്ദ്രന്‍ ഓര്‍ത്തെടുക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ മണി നടത്തിയ ഓണാഘോഷത്തിനിടെ ഉണ്ടായ സംഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. മണിയുടെ പത്താം ഓര്‍മദിവസത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് അനൂപ് മന്‌സ തുറന്നത്. ആ വാക്കുകളിലൂടെ:

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ആറാം തിയ്യതി മലയാളക്കര മുഴുവന്‍ കരഞ്ഞു. പ്രിയങ്കരനായ കലാഭവന്‍ മണിയെന്ന മണിക്കിലുക്കം ഇല്ലാതായിട്ട് ഇന്നേക്ക് പത്ത് വര്‍ഷം തികയുകയാണ്. അദ്ദേഹത്തോടൊപ്പം ഞാന്‍ വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷെ അദ്ദേഹത്തിന്റെ പാടിയില്‍ പോകാത്ത സിനിമ നടന്മാരില്‍ ഒരാളായിരിക്കും ഞാന്‍. കലാഭവന്‍ മണിയെന്ന മനുഷ്യനെ ഞാന്‍ അളന്നത്, അദ്ദേഹത്തെ ബഹുമാനിക്കാന്‍ തുടങ്ങിയത് ആ സംഭവത്തോടെയാണ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അദ്ദേഹം ഓണ സദ്യ കൊടുത്തിരുന്നു. അതിന് എന്നേയും ക്ഷണിച്ചിരുന്നു. ഞാന്‍ പോവുകയും ചെയ്തു.

എല്ലാവര്‍ക്കും ഓണ സദ്യയും ഓണക്കോടിയും കൊടുത്തു. അവസാനം ഒരാള്‍ മാത്രം ഓണക്കോടിയില്ലാതെ നില്‍ക്കുന്നു. എന്തുപറ്റി ഓണക്കോടി വീട്ടില്‍ കൊണ്ടുവച്ചിട്ട് വന്നതാണോ എന്ന് മണി ചോദിച്ചു. തനിക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തല്‍ക്ഷണം തന്റെ ഉടുപ്പും മുണ്ടും ഊരി മണി അദ്ദേഹത്തിന് കൊടുക്കുകയും അദ്ദേഹത്തിന്റെ വസ്ത്രം വാങ്ങി ധരിക്കുകയും ചെയ്തു. ശേഷം വേദിയില്‍ പാടാനും ആടാനും തുടങ്ങി.

എല്ലാം കഴിഞ്ഞ് പോകാന്‍ നേരം അനൂപേ ഈ വണ്ടിയില്‍ കയറിക്കോ ചാലക്കുടിയില്‍ വിടാം എന്ന് പറഞ്ഞ് എന്നെ വണ്ടിയില്‍ കയറ്റി. എന്റെ വണ്ടി പുറകേയും. ആ സമയത്ത് വണ്ടിയ്ക്ക് അകത്തൊരു മണം. മണത്തിന്റെ ഉറവിടം തേടിയപ്പോള്‍ അദ്ദേഹം ധരിച്ചിരുന്ന ഉടുപ്പില്‍ നിന്നും മുണ്ടില്‍ നിന്നുമായിരുന്നു വന്നിരുന്നത്. ആ ഉടുപ്പ് കൂട്ടിപ്പിടിച്ച് മണം മൂക്കിലേക്ക് ശക്തമായി വലിച്ചു കേറ്റിയിട്ട് മണി നിഷ്‌കളങ്കമായി പറഞ്ഞൊരു വാചകമുണ്ട്. ഞാന്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടാന്‍ കാരണമായ വാചകം.

'ഡാ അനൂപേ, എന്റെ അച്ഛന്റെ മണമാ...! അധ്വാനിക്കുന്ന, മണ്ണില്‍ പണിയെടുക്കുന്നൊരു ആദിവാസിയുടെ വിയര്‍പ്പിന് തന്റെ അച്ഛനെ മണമാണെന്ന് തിരിച്ചറിയാനുള്ള ശേഷിയാണ് മണിയെ മലയാളക്കരയുടെ മണിക്കിലുക്കമാക്കി മാറ്റിയത്. ഏറെ വേദനയോടെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കണേ എന്ന് പ്രപഞ്ചത്തോട് പ്രാര്‍ത്ഥിക്കുന്നു.

News Now

Summary

Anoop Chandran recalls how Kalabhavan Mani gave his dress to a poor man in Attappady.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates