അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ഞാന്‍ അവളുടെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. കാസ്റ്റിങ് രംഗത്തെ ചിലര്‍ അവളെ അപമാനിച്ചിരുന്നു

Sanchita Ugale, Sushant Singh Rajput
Sanchita Ugale, Sushant Singh Rajput
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :16 ജൂൺ 2026, 3:33 pm IST

യുവനടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യ ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കരിയറില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറവെയാണ് ഒട്ടും നിനച്ചിരിക്കാതെ സഞ്ചിത മരണം തെരഞ്ഞെടുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് താരത്തെ സ്വവസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സഞ്ചിത. ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്ന സഞ്ചിതയുടെ അവസാന പോസ്റ്റ് വന്ന് 24 മണിക്കൂര്‍ പോലും ആകും മുമ്പായിരുന്നു ആ മരണം. സഞ്ചിതയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടന മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

ഇതിനിടെ സഞ്ചിതയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് കസിന്‍ ആകാശ് സതീഷ് ഉഗാലെ. സഞ്ചിത കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നുവെന്നും കാസ്റ്റിങ് രംഗത്തെ ചില വ്യക്തികളില്‍ നിന്നും മാനസിക പീഡനം നേരിട്ടിരുന്നുവെന്നുമാണ് ആകാശ് പറയുന്നത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായിട്ടാണ് ആകാശ് സഞ്ചിതയുടെ മരണത്തെ താരതമ്യം ചെയ്തത്.

2020 ജൂണ്‍ 14 നായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്തത്. ആ വര്‍ഷങ്ങള്‍ക്കിപ്പുറം അതുപോലൊരു ജൂണ്‍ 14 നാണ് സഞ്ചിതയും ജീവനൊടുക്കിയത്. ''2020 ജൂണ്‍ 14 നാണ് സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത്. എന്തിനായിരുന്നു അത്? കാരണം, ബോളിവുഡ് അവനെ സമ്മര്‍ദ്ധത്തിലാക്കി. ആ സമ്മര്‍ദ്ധം താങ്ങാനാകാതെ അവന്‍ ആത്മഹത്യ ചെയ്തു. അതേ ദിവസം അതേ കാരണത്താല്‍ എന്റെ സഹോദരിയും ആത്മഹത്യ ചെയ്തിരിക്കുന്നു'' ആകാശ് പറയുന്നു.

''ഞാന്‍ അവളുടെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. കാസ്റ്റിങ് രംഗത്തെ ചിലര്‍ അവളെ അപമാനിച്ചിരുന്നുവെന്ന് കണ്ടെത്തി. അവളെ മാനസികമായി പീഡിപ്പിച്ചിരുന്നു. അതിനാലാണ് എന്റെ സഹോദരി അസ്വസ്ഥയായത്'' എന്നും ആകാശ് പറയുന്നു. സഞ്ചിതയ്ക്ക് ഒരു രഹസ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും അതില്‍ നിന്നും ജൂണ്‍ 14 ന് സുശാന്തിനെക്കുറിച്ച് റീല്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും സഹോദരന്‍ പറയുന്നുണ്ട്.

കും കും ഭാഗ്യ എന്ന പരമ്പരയിലൂടെയാണ് സഞ്ചിത താരമാകുന്നത്. പിന്നീട് നിരവധി സീരിയലുകളിലും സിനിമയിലും അഭിനയിച്ചു. വിക്കി കൗശല്‍ നായകനായ ഛാവയിലും അഭിനയിച്ചിരുന്നു. ഞയറാഴ്ച വൈകുന്നേരം 7 നും 7.30 ഇടയിലാണ് സഞ്ചിതയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഞ്ചിതയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Now

Summary

brother of Sanchita Ugale compares her suicidet to Sushant Singh Rajput. Say she faced mental harassment by people in casting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics