'ബി ഗ്രേഡ് സിനിമയേക്കാള്‍ മോശം, ജാന്‍വിയെ അപമാനിച്ചു'; 'പെദ്ദി' വിവാദത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചില ഭാഗങ്ങള്‍ മാറ്റം വരുത്തുമെന്ന് സംവിധായകന്‍

Janhvi Kapoor
Janhvi Kapoor
Last Updated :6 June 2026, 1:04 pm IST
Edited by :അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസമാണ് രാം ചരണ്‍ നായകനായ പെദ്ദി തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ നായികയായ ജാന്‍വി കപൂറിന്റെ കഥാപാത്ര സൃഷ്ടിയും അവതരിപ്പിച്ചിരിക്കുന്ന രീതിയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങേയറ്റം സ്ത്രീവിരുദ്ധതയോടെയാണ് ജാന്‍വിയെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെ മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍ ബുച്ചി ബാബു സന. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ചില ഭാഗങ്ങള്‍ മാറ്റം വരുത്തുമെന്നുമാണ് എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ബുച്ചി ബാബുവിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍, സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും കണക്ട് ചെയ്യുന്നതുമായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരേയും അസ്വസ്ഥപ്പെടുത്തുകയോ അനാദരവ് ആവുകയോ ചെയ്യരുത്. പെദ്ദിയിലെ ചില രംഗങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുകയും അവയെ ഗൗരവ്വമായെടുക്കുകയും ചെയ്യുന്നു.

ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എനിക്ക് സ്ത്രീകളോട് എന്നും അതിയായ ബഹുമാനമാണുള്ളത്. ഒരു സ്ത്രീകഥാപാത്രത്തേയും അപമാനിക്കുകയോ ഒബ്‌ജെക്ടിഫൈ ചെയ്യുകയോ ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. ചിത്രത്തിലെ ഏതെങ്കിലും ഭാഗം അത്തരത്തില്‍ ധരിക്കപ്പെട്ടെങ്കില്‍ ആ വികാരങ്ങള്‍ മാനിക്കുകയും, ഉയര്‍ത്തുന്ന ആശങ്കകള്‍ മനസിലാക്കുകയും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു.

പ്രതികരണങ്ങള്‍ പരിശോധിച്ച ശേഷം ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രേക്ഷകരും കഥാകാരും തമ്മിലുള്ള ബന്ധത്തിലൂടെയാണ് സിനിമ വളരുന്നത്. മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളേയും സെന്‍സിബിലിറ്റികളേയും ഉള്‍ക്കൊള്ളുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

എല്ലാ സ്ത്രീകളും ബഹുമാനിക്കപ്പെടാനും വിലമതിക്കപ്പെടാനും ആത്മാഭിമാനത്തോടെ പ്രതിനിധീകരിക്കപ്പെടാനും അര്‍ഹതയുള്ളവരാണ്. ശക്തമായ കഥാപാത്രങ്ങളെ ആഘോഷിക്കുകയും ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന കഥ പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ആത്മാര്‍ത്ഥവും സത്യസന്ധവുമായി തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചര്‍ക്കെല്ലാം നന്ദി''.

അതീവ ഗ്ലാമറസ് ലുക്കിലാണ് പെദ്ദിയില്‍ ജാന്‍വിയെ അവതരിപ്പിച്ചിരിക്കുന്നത്. സമ്മതമില്ലാതെ നായികയെ ചുംബിക്കുന്ന രംഗവും ചിത്രത്തിന് വിമര്‍ശനം നേടിക്കൊടുത്തു. ചിത്രത്തിലെ തന്റെ രംഗങ്ങളെ വിമര്‍ശിക്കുന്നൊരു പോസ്റ്റില്‍ ജാന്‍വി കപൂര്‍ തന്നെ ലൈക്ക് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും വിവാദത്തിന് ശക്തി പകര്‍ന്നിരുന്നു.

News Now

Summary

Director appologises for objectifying Janhvi Kapoor in Peddi. Makers are planning to alter some scenes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics