എലിസബത്ത് ഉദയന്റെ വാക്കുകള്‍

Elizabeth Udayan
Elizabeth Udayan Source by : ഫെയ്സ്ബുക്ക്
Last Updated :13 June 2025, 12:33 pm IST

News Now

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴിതാ അപകട സ്ഥലത്തു നിന്നുള്ള സോഷ്യല്‍ മീഡിയ താരവും നടന്‍ ബാലയുടെ മുന്‍ പങ്കാളിയുമായ എലിസബത്ത് ഉദയന്റെ (Elizabeth Udayan) വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഡോക്ടറായ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം വീണത്.

താന്‍ സുരക്ഷിതയാണോ എന്ന് ചോദിച്ചെത്തുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് എലിസബത്ത്. ''ഞാന്‍ സുരക്ഷിതയാണ്. പക്ഷെ ഞങ്ങളുടെ നിരവധി സഹപ്രവര്‍ത്തകരും എംബിബിഎസ് വിദ്യാര്‍ത്ഥികളും മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കായി പ്രാര്‍ത്ഥിക്കുക'' എന്നാണ് എലിസബത്ത് കുറിച്ചത്.

അതേസമയം അപകടത്തില്‍ പെട്ട വിദ്യാര്‍ത്ഥികളില്‍ ഇതുവരെ മലയാളികളില്ലെന്നാണ് സൂചനയെന്നും എലിസബത്ത് പറയുന്നുണ്ട്. മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലുള്ളവരെല്ലാം സുരക്ഷിതാരാണെന്നാണ് അറിഞ്ഞതെന്നും എലിസബത്ത് പറയുന്നു. അതേസമയം മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ടെന്നും ഒരുപാട് പേരെ കാണാതായിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു.

രണ്ട് വര്‍ഷമായി അഹമ്മദാബാദില്‍ പിജി ചെയ്തു വരികയാണ് എലിസബത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ എലിസബത്ത് ആശുപത്രിയില്‍ നിന്നുള്ള അനുഭവങ്ങളും മറ്റും വീഡിയോയായി അവതരിപ്പിക്കാറുണ്ട്. താരത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

അപകടത്തില്‍ 265 പേരാണ് മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിച്ചു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ടേക്ക് ഓഫിന് പിന്നാലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം പതിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates