'40 ലക്ഷം കൊടുക്കണ്ട, ജീവനാംശം 3 ലക്ഷം കൊടുത്താൽ മതി', രവി മോഹനോട് കോടതി; 'പോയി വല്ല പണിയെടുത്ത് ജീവിച്ചൂടെ' എന്ന് ആർത്തിയോട് സോഷ്യൽ മീഡിയ

കേസ് പൂർണമായി തീർപ്പാകുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്നും നടനോട് കോടതി നിർദേശിച്ചു.

Ravi Mohan, Aarti Ravi
Ravi Mohan, Aarti Raviഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :28 ജൂലൈ 2026, 3:49 pm IST

ചെന്നൈ: വിവാഹമോചന കേസിൽ നടൻ രവി മോഹന് ആശ്വാസം. വിചാരണ പൂർത്തിയാകുന്നതു വരെ 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി വേണമെന്ന നടന്റെ ഭാര്യ ആർത്തിയുടെ ആവശ്യം ചെന്നൈ കുടുംബ കോടതി തള്ളി. കേസ് പൂർണമായി തീർപ്പാകുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്നും നടനോട് കോടതി നിർദേശിച്ചു.

ഇതിന് പുറമേ തന്റെ മക്കളെ കാണുന്നതിനും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളോടെ രവിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതി നടൻ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർണായക തീരുമാനം.

മക്കളുടെ സ്കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകളും നടൻ നൽകുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ആർതി ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയത്. 2025 ഏപ്രിൽ മുതൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ മറ്റ് ചെലവുകൾക്കോ ഉള്ള പണം രവി മോഹൻ നൽകിയിട്ടില്ലെന്നാണ് ആർതി ഹർജിയിൽ വ്യക്തമാക്കിയത്.

മക്കളുടെ ആവശ്യങ്ങൾക്കായി തനിക്കും കുട്ടികൾക്കും കൂടി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവനാംശത്തിന്റെ കാര്യത്തിൽ കോടതി ഉത്തരവ് വന്നതോടെ ആർത്തിക്കെതിരെ വലിയ തോതിൽ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

'ഇത് വല്ലാത്ത ആർത്തിയായി പോയി', 'നൂറ് ശതമാനവും പേരിനോട് നീതി പുലർത്തിയവൾ', 'പേരും സ്വഭാവവും ഒരുപോലെ ആണല്ലോ', 'പോയി വല്ല പണിയെടുത്ത് ജീവിച്ചൂടെ...എന്നാലും ഇത്ര ആർത്തി പാടില്ലായിരുന്നു'- എന്നൊക്കെയാണ് ആർത്തിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ.

2009 ജൂൺ 4-നാണ് രവി മോഹനും ആർത്തിയും തമ്മിൽ വിവാഹിതരായത്. നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്.

വർഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആർത്തിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് ഇനി സഹിക്കാൻ കഴിയില്ലെന്നും രവി വ്യക്തമാക്കിയിരുന്നു. അതേസമയം, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടൻ ഏകപക്ഷീയമായി വിവാഹമോചനം പ്രഖ്യാപിച്ചതെന്നായിരുന്നു ആർത്തിയുടെ പ്രതികരണം.

News Now

Summary

Ravi Mohan divorce case: Family Court reject's Aarti Ravi's plea for 40 lakh per month maintenance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates