'അവിഹിത ബന്ധം ഒരു നടിയ്ക്കായിരുന്നെങ്കിലോ? പുരുഷവര്‍ഗം തെറിയഭിഷേകം നടത്തിയേനെ'; വിജയ്-തൃഷ വിഷയത്തില്‍ ഗായത്രി ശങ്കര്‍

ആള്‍ക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായേനെ

Gayathrie Sankar on Vijay and Trisha
Gayathrie Sankar on Vijay and Trisha
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :7 മേയ് 2026, 11:06 am IST

നടന്‍ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയാണ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് നയിക്കുന്ന ടിവികെ നേടിയത് ചരിത്ര വിജയമാണ്. 108 സീറ്റുകളുമായി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ടിവികെ. കേവല ഭൂരിപക്ഷം നേടി മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ് വിജയ്.

വിജയ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അഭിനന്ദിക്കാനായി നടി തൃഷ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. വിജയ്-സംഗീത വിവാഹ ബന്ധം തകരാന്‍ കാരണം തൃഷയുമായുള്ള അടുപ്പമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തൃഷയുടെ വരവ്. പിന്നാലെ വിജയ് ജയിച്ചതിന് തൃഷയ്ക്ക് ആശംസകളുമായി താരങ്ങളുമെത്തി. നടിമാരായ രാധിക ശരത്കുമാര്‍, ചാര്‍മി കൗര്‍, ലക്ഷ്മി മഞ്ജു തുടങ്ങിയവര്‍ തൃഷയെ അഭിനന്ദിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലും വിജയ്‌യെ വിജയത്തിലേക്ക് നയിച്ച ഭാഗ്യം തൃഷയാണെന്നു, തൃഷയ്ക്കുള്ള വിജയ്‌യുടെ പിറന്നാള്‍ സമ്മാനമാണ് തമിഴ്‌നാട്ടിലെ വിജയമെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിക്കുകയുണ്ടായി. ഇതിനിടെ വിജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നില്‍ നിന്നും വിജയ് രാജിവെക്കുമെന്നും പകരം തൃഷ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിജയ് തെരഞ്ഞെടുപ്പ് ജയിച്ചതിന് തൃഷയെ അഭിനന്ദിക്കുന്നവര്‍ക്കിടയില്‍ വിമര്‍ശനവുമായി എത്തുകയാണ് നടി ഗായത്രി ശങ്കര്‍. വിജയ്ക്ക് പകരം ഒരു നടിയായിരുന്നുവെങ്കില്‍ പുരുഷവര്‍ഗം അവരെ തെറി വിളിച്ച്, വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേനെ എന്നാണ് ഗായത്രി പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.

''തന്റെ സഹനടനുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് ഒരു നടിയായിരുന്നെങ്കില്‍, അവളുടെ പങ്കാളിയുമായുള്ള ബന്ധം അതുകാരണം തകര്‍ച്ചയുടെ വക്കിലാണെങ്കില്‍, അതിനെ ഇങ്ങനെ ലളിതവത്കരിക്കുകയോ തമാശയായി അവതരിപ്പിക്കുകയോ ചെയ്യില്ലായിരുന്നു. പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ. അവളുടെ മേല്‍ അസഭ്യം ചൊരിഞ്ഞേനെ. ജയിക്കുന്നത് പോയിട്ട് രോക്ഷാകുലരായ ആള്‍ക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായേനെ'' എന്നാണ് ഗായത്രി ശങ്കറിന്റെ പ്രതികരണം.

News Now

Summary

Gayathrie Sankar on Vijay and Trisha getting normalised after his victory in the election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates