ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' കാൻ ഫെസ്റ്റിവലിലേക്ക്; പ്രദർശനം മെയ് 16 ന്

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ സിനിമയായാണ് അമ്മ അറിയാന്‍ എന്ന സിനിമ അദ്ദേഹം സൃഷ്ടിച്ചത്.

John Abraham, Amma Ariyan
John Abraham, Amma Ariyanഎക്സ്
Edited by :Hima Prakash
Last Updated :7 മേയ് 2026, 10:49 am IST

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' 4 കെ പതിപ്പ് (റിപ്പോര്‍ട്ട് ടു മദര്‍, 1986) കാൻ ഫെസ്റ്റിവലിലേക്ക്. ചിത്രത്തിലെ നായകന്‍ ജോയ് മാത്യു, ഛായാഗ്രാഹകന്‍ വേണു ഐഎസ്സി‌, എഡിറ്റര്‍ ബീന പോള്‍, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കാനില്‍ ചിത്രം അവതരിപ്പിക്കുക.

മെയ് 16 ന് കാനിലെ ബുനുവല്‍ തിയറ്ററില്‍ വൈകീട്ട് 3:45നാണ് സ്‌ക്രീനിങ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അമ്മ അറിയാൻ.

ഇന്ത്യന്‍ സിനിമയിലെ വിപ്ലവാത്മക ശബ്ദങ്ങളിലൊരാളാണ് സംവിധായകന്‍ ജോണ്‍ എബ്രഹാമെന്ന് ചലച്ചിത്ര സംവിധായകന്‍ കൂടിയായ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. പതിവ് കഥപറച്ചില്‍ രീതികളെയും കൃത്രിമ സൗന്ദര്യവല്‍ക്കരണത്തെയും വാണിജ്യ ചട്ടക്കൂടുകളെയും വെല്ലുവിളിച്ച് കൃത്യമായ രാഷ്ട്രീയ മാനങ്ങളുള്ള ഉള്ളടക്കം കൊണ്ടും അതിന്റെ സാമൂഹ്യ സാഹചര്യം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കൊണ്ടും സിനിമകള്‍ സൃഷ്ടിച്ച് അന്നത്തെയും എന്നത്തേയും പ്രേക്ഷകരെ സ്വാധീനിക്കാന്‍ ജോണ്‍ എബ്രാഹാമിലെ സംവിധായകന് കഴിഞ്ഞു.

'തമ്പ്' (അരവിന്ദന്‍ ), 'ഇശാനു' (അരിബം ശ്യാം ശര്‍മ്മ), 'മന്ഥന്‍' (ശ്യാം ബെനഗല്‍), 'അരണ്യര്‍ ദിന്‍ രാത്രി' (സത്യജിത് റേ), 'ഗെഹേനു ലമൈ' (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതല്‍ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കാനിലെ റെഡ് കാര്‍പെറ്റ് ലോക പ്രീമിയറുകളില്‍ എത്തിച്ച സിനിമകള്‍. 1987-ല്‍ 49-ാം വയസ്സിലെ അപ്രതീക്ഷിത വിയോഗത്തിന് മുന്‍പ് ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത നാല് സിനിമകളില്‍ അവസാനത്തേതായിരുന്നു അമ്മ അറിയാന്‍.

സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി സിനിമ നിര്‍മ്മിക്കുന്നതിനോടും സിനിമ എന്ന കലയെ അങ്ങനെ ചുരുക്കുന്നതിനോടും ശക്തമായ വിയോജിപ്പുണ്ടായിരുന്ന ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ സിനിമയായാണ് അമ്മ അറിയാന്‍ എന്ന സിനിമ അദ്ദേഹം സൃഷ്ടിച്ചത്.

ക്രൗഡ് ഫണ്ടിംഗ് എന്നെല്ലാം കേള്‍ക്കുന്നതിനും ഏറെക്കാലം മുമ്പ് സംഘടിപ്പിച്ച ഒഡേസ്സ കളക്ടീവ് എന്ന സിനിമാ പ്രേമികളുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിച്ചത്. ഒപ്പം ലാഭം മാത്രം നോക്കുന്ന മുഖ്യധാരാ നിര്‍മണ-വിതരണ സംവിധാനങ്ങളില്‍ നിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തിലേക്കുള്ള വിപ്ലവകരമായ പരീക്ഷണമായി കൂടി അത് മാറി.

''ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന റീസ്റ്റോറേഷന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ ഇതുവരെയും തുടര്‍ന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുങ്ഗാര്‍പൂര്‍ പറഞ്ഞു.

നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു അപൂര്‍വ്വ ഇന്ത്യന്‍ സിനിമയെ ഞങ്ങള്‍ക്ക് തിരികെ കൊണ്ട് വരാന്‍ സാധിച്ചു. ഒറിജിനല്‍ കാമറ നെഗറ്റീവോ സബ്ടൈറ്റിലുകളോ ഇല്ലാത്ത കേവലം ഒരു പ്രിന്റ് മാത്രം ഉള്ള സാഹചര്യത്തില്‍ ഈ റീസ്റ്റോറേഷന്‍ ഒരു വലിയ വെല്ലുവിളിയായിരുന്നു. ഞാന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍, ജോണ്‍ എബ്രഹാമിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു കള്‍ട്ട് പരിവേഷം ഉണ്ടായിരുന്നു., അതുകൊണ്ട് കൂടി 'അമ്മ അറിയാന്‍' ഞങ്ങളിലൊക്കെ വലിയ സ്വാധീനം ചെലുത്തി.

cinéma vérité ശൈലിയില്‍ വേണു ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമ, ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും അതിര്‍ത്തികളെ അപ്രസക്തമാക്കി. ആധുനിക കാലത്തെ പ്രേക്ഷകര്‍ക്ക് വേണ്ടി ജോണ്‍ എബ്രഹാമിന്റെ വ്യത്യസ്തമായ ഐക്കണോക്ലാസ്റ്റിക് സിനിമാ വീക്ഷണത്തെ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.'' അദ്ദേഹം പറഞ്ഞു.

40 വര്‍ഷം മുന്‍പ് നിര്‍മിച്ച, തനിക്ക് ആദ്യ നായകവേഷം നല്‍കിയ അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രഹാം ചിത്രം ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോയ് മാത്യുവും പറഞ്ഞു.

ആദ്യം വിമര്‍ശകര്‍ ശ്രദ്ധിക്കാതിരിക്കുകയും ഏറെക്കുറെ നിരസിക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ റെസ്റ്റോറേഷനു വേണ്ടി സമയവും സൂക്ഷ്മമായ അധ്വാനവും സമര്‍പ്പിച്ച ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിനോടും അദ്ദേഹത്തിന്റെ ഈ മഹത്തായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരോടും ഞാന്‍ ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ചെറിയ പൊതുജന സംഭാവനകളിലൂടെ മുഴുവനായി ഫണ്ട് ചെയ്ത് വ്യവസ്ഥാപിത സിനിമ നിര്‍മ്മാണ രീതികളെ വെല്ലുവിളിച്ച് പരമ്പരാഗത തിയറ്റര്‍ റിലീസിനെ നിരസിച്ച് പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു, 1970-80 കാലഘട്ടത്തിലെ സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങളും ആ കാലത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സങ്കീര്‍ണ്ണതകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേകമായ ഡോക്യു-ഫിക്ഷന്‍ രൂപമാര്‍ജിച്ചു എന്നീ കാരണങ്ങളാല്‍ അമ്മ അറിയാന് ഏറെ പ്രാധാന്യമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

News Now

Summary

John Abraham’s Amma Ariyan to have restored 4K world premiere at Cannes Film Festival 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates