'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

അപ്പോൾ, അത് വിജയിച്ചു എന്ന് ഞാൻ കരുതുന്നു

Reena Dutta and Aamir Khan, Junaid Khan
Reena Dutta and Aamir Khan, Junaid Khan വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :16 ജൂൺ 2026, 5:43 pm IST

തന്റെ മാതാപിതാക്കളായ ആമിർ ഖാനും റീന ദത്തയും വിവാഹമോചനത്തെ പക്വതയോടെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് പറഞ്ഞ് നടൻ ജുനൈദ് ഖാൻ. യൂട്യൂബർ വിക്കി ലൽവാനിയുമായുള്ള അഭിമുഖത്തിലാണ് ജുനൈദ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറന്നത്. "ഞങ്ങളുടെ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ വളരെ പക്വതയുണ്ടായിരുന്നു.

രണ്ട് നല്ല വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ അവർ എപ്പോഴും നല്ലൊരു ദമ്പതികൾ ആകണമെന്നില്ല. പരസ്പരം പൊരുത്തപ്പെടാനാകാതെ ഒരുമിച്ച് കഴിഞ്ഞ് എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന മാതാപിതാക്കൾക്ക് മുന്നിൽ വളരുന്നതിനേക്കാൾ നല്ലത്, വേർപിരിഞ്ഞാണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്ന മാതാപിതാക്കൾ ഉണ്ടാകുന്നതാണ്. അപ്പോൾ, അത് വിജയിച്ചു എന്ന് ഞാൻ കരുതുന്നു".- ജുനൈദ് ഖാൻ പറഞ്ഞു.

തനിക്ക് ഏഴോ എട്ടോ വയസുള്ളപ്പോഴായിരുന്നു മാതാപിതാക്കളുടെ വേർപിരിയൽ. എന്നാൽ വളരുന്ന പ്രായത്തിലുടനീളം അവർക്കിടയിൽ പരസ്യമായ ഒരു തർക്കമോ വഴക്കോ താൻ കണ്ടിട്ടില്ലെന്ന് ജുനൈദ് പറഞ്ഞു. കുട്ടികളുടെ കാര്യങ്ങളിൽ അമ്മയും അച്ഛനും എപ്പോഴും ഒരേ നിലപാടിലായിരുന്നു. തനിക്ക് 19 വയസുള്ളപ്പോഴാണ് അവർക്കിടയിൽ ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആദ്യമായി മനസിലാക്കുന്നത്.

"എനിക്ക് 7-8 വയസ് പ്രായമുണ്ടായിരുന്നിരിക്കണം. അതുകൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ മറ്റൊരു കാര്യം, അമ്മയും അച്ഛനും എപ്പോഴും ഞങ്ങളുടെ കാര്യത്തിൽ ഒരേ നിലപാടിലായിരുന്നു. അവർക്ക് എന്തെങ്കിലും കാര്യത്തിൽ വിയോജിപ്പുണ്ടാകുമെന്ന് എനിക്ക് ആദ്യമായി മനസിലായത് എനിക്ക് 19 വയസുള്ളപ്പോഴാണ്.

അത് എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയില്ല, പക്ഷേ അവർ തമ്മിൽ എന്തോ ഒരു തർക്കം ഉണ്ടായിരുന്നു. എന്റെ അച്ഛൻ എന്നോട് ചോദിച്ചു, 'നിനക്ക് എത്ര വയസായി ?'. എന്റെ അമ്മ മറുപടി പറഞ്ഞു, 'അവന് 19 വയസായി, ഞങ്ങൾ എല്ലാ കാര്യത്തിലും യോജിക്കുന്നവരല്ല എന്ന് അറിയാനുള്ള പ്രായം അവനായി’ എന്ന്.

ഞങ്ങൾ കുട്ടികൾക്കും ഒരേ അഭിപ്രായമായിരുന്നു. അവർ ഞങ്ങളോട് ഓരോ കാര്യങ്ങളും സംസാരിക്കുമായിരുന്നു. അത് തുടർന്നു. വാസ്തവത്തിൽ, ഇന്നും ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്".- ജുനൈദ് പറഞ്ഞു. ആമിർ ഖാന്റെ മുൻ പങ്കാളി കിരൺ റാവുവിനെക്കുറിച്ചും നിലവിലെ പങ്കാളി ഗൗരി സ്പ്രാറ്റിനെക്കുറിച്ചും ജുനൈദ് സ്നേഹത്തോടെ സംസാരിച്ചു.

"നല്ല സ്നേഹമുള്ള വ്യക്തിയാണ് കിരൺ റാവു. അതെ, ഒട്ടും കടുപ്പമില്ല. വളരെ സ്നേഹമുള്ളയാൾ. ഞങ്ങളെപ്പോഴും നന്നായി ഇടപെഴകിയാണ് ജീവിച്ചിരുന്നത്. ഞങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ല. മുതിർന്നവരെല്ലാം പക്വതയോടെ പെരുമാറിയതിനാൽ കുട്ടികളായ തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായി.

ഗൗരിയും വളരെ സ്നേഹമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ശരിക്കും എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം അത് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ എത്ര സമയമെടുത്തു എന്ന് എനിക്കറിയില്ല. ഒടുവിൽ, അത് ഒരു വ്യക്തിബന്ധമായി മാറുന്നു, അത് അങ്ങനെ തന്നെ തുടരും.

ഗൗരിയെ ഞാൻ പേര് തന്നെയാണ് വിളിക്കുന്നത്. കുറേ കാലം കിരണിനെ, കിരൺ ആന്റി എന്നായിരുന്നു വിളിച്ചിരുന്നത്. എനിക്കൊരു 15- 16 വയസുള്ളപ്പോൾ അവർ എന്നോട് പേര് വിളിക്കാൻ പറഞ്ഞു. നമ്മളെല്ലാവരും ഒരു 100 മീറ്റർ ചുറ്റളവിലാണ് താമസിക്കുന്നത്".- ജുനൈദ് പറഞ്ഞു.

News Now

Summary

Junaid Khan on Aamir Khan Reena divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates