'പ്രിയേട്ടന് എ‌ന്റെ നല്ലതും മോശവുമായ മുഖഭാവങ്ങൾ നന്നായി അറിയാം'; ഹൃദ്യമായ കുറിപ്പുമായി ലിസി

അവളുടെ നല്ലതും ചീത്തയുമായ സ്വഭാവങ്ങളും എനിക്കറിയാം

Lissy with family
Lissy with familyഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :5 ജൂലൈ 2026, 12:19 pm IST

38 വർഷങ്ങൾക്ക് ശേഷം അഭിനയരം​ഗത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി ലിസി. പ്രിയ​ദർശൻ സംവിധാനം ചെയ്യുന്ന ഒരു പരസ്യ ചിത്രത്തിലൂടെയാണ് ലിസി വീണ്ടും കാമറയ്ക്ക് മുന്നിലെത്തുന്നത്. പ്രിയദർശന് നന്ദി പറഞ്ഞുകൊണ്ടാണ് ലിസി കുറിപ്പ് പങ്കുവച്ചത്.

സെറ്റിൽ പരിഭ്രമുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരമെന്നും തന്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങൾ നന്നായി അറിയുന്നത് പ്രിയദർശനാണെന്നും ലിസി കുറിച്ചു. മകൾ കല്യാണിയുടെ റീൽ അമ്മയായി വേഷമിടുന്നതിനെക്കുറിച്ചും ലിസി കുറിച്ചിട്ടുണ്ട്. "പ്രിയേട്ടനൊപ്പം അവസാനം പ്രവർത്തിച്ചിട്ട് 38 വർഷമായിരിക്കുന്നു, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ അതിയായ സന്തോഷത്തിലാണ്.

ഞങ്ങൾ അവസാനമായി ഒരുമിച്ചഭിനയിച്ച സിനിമ ഐക്കണിക് 'ചിത്രം' ആയിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, കല്യാൺ ജൂവലേഴ്സിന്റെ ഈ പരസ്യചിത്രത്തിൽ ഞാൻ എന്റെ മകൾ കല്യാണി പ്രിയദർശന്റെ ‘റീൽ’ അമ്മയായി എത്തുന്നു എന്നതാണ്. പ്രിയേട്ടന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഭിലാഷ്, ഇത്രയും വർഷങ്ങൾക്ക് ശേഷം സെറ്റിൽ പരിഭ്രമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇല്ല എന്ന്.

കാരണം, പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാർത്ഥത്തിൽ അറിയാം; എന്റെ മികച്ചതും മോശവുമായ മുഖഭാവങ്ങൾ വരെ അദ്ദേഹത്തിനറിയാം, എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോൾ പ്രിയേട്ടൻ തമാശയായി പറഞ്ഞു, 'അവളുടെ നല്ലതും ചീത്തയുമായ സ്വഭാവങ്ങളും എനിക്കറിയാം’.

സെറ്റിൽ എത്തിയപ്പോൾ എനിക്ക് ഗൃഹാതുരത്വം തോന്നി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് അടക്കിപ്പിടിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. മുഴുവൻ ഷൂട്ടും ഒരു ആഘോഷം പോലെയായിരുന്നു. പ്രിയേട്ടനും കല്യാണിക്കും ഒപ്പം പ്രവർത്തിക്കാൻ ലഭിച്ച ഈ മികച്ച അവസരത്തിന് കല്യാൺ ജൂവലേഴ്സിനോട് ഞാൻ അഗാധമായി നന്ദി പറയുന്നു. എന്റെ മനസ്സു നിറയെ പല വികാരങ്ങളാണ്.

എന്റെ ജീവിതം ഒരു പൂർണ വൃത്തം പൂർത്തിയാക്കിയപോലെ. എന്റെ പ്രിയപ്പെട്ട ആരാധകരേ, പ്രേക്ഷകരേ, നിങ്ങളുടെ സ്നേഹവും പ്രാർഥനകളും പിന്തുണയും എനിക്ക് ആവശ്യമാണ്".- ലിസി കുറിച്ചു. സിനിമാ പ്രവർ‌ത്തകരടക്കം നിരവധി പേരാണ് ലിസിയുടെ പോസ്റ്റിന് ലൈക്കും കമന്റുമായെത്തിയിരിക്കുന്നത്.

ദുൽഖർ സൽമാൻ, റിമി ടോമി, നമിത പ്രമോദ്, മായ മോഹൻലാൽ, നസ്രിയ, നസ്​ലെൻ, സുഹാസിനി മണിരത്നം, മീന, ബാലചന്ദ്ര മേനോൻ തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്.

News Now

Summary

Lissy talks about Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics