മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ഹാജരാകാനുള്ള സമയം നീട്ടി നല്‍കി

സൗബിനൊപ്പം സഹനിർമാതാക്കളായ ബാബു ഷാഹിർ,ഷോൺ ആന്‍റണി എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു

Soubin Shahir
സൗബിൻ ഷാഹിർ (Soubin Shahir)Source by : ഇൻസ്റ്റ​ഗ്രാം
Last Updated :20 June 2025, 11:18 am IST

മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി നല്‍കി. സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ലെന്ന് പൊലീസ് അറിയിച്ചു. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.

14 ദിവസത്തിനകം ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ നിർമാതാക്കൾക്ക് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു.

സിനിമക്ക് വേണ്ടി 7 കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശിയായ സിറാജ് വലിയ തുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരുന്നതിനാൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നെന്നും കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട്‌ ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. എന്നാൽ 18 കോടി രൂപ മാത്രമാണ് ചെലവായതെന്ന് പൊലീസ് കോടതിയിൽ തെളിവ് സമർപ്പിക്കുകയും ഇതിനെ തുടർന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയുമായിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയിരുന്നത്.

ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്.ഇരുന്നൂറ്‌ കോടിയോളം രൂപ നേടി ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് 2024ൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യതയാണ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now