'ഭർത്താവിനൊപ്പം സമയം ചെലവഴിക്കണം', റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറി നേ​ഹ കക്കർ

നേഹയുടെ സഹോദരിയും ഗായികയുമായ സോനു കക്കർ പരിപാടിയുടെ വിധികര്‍ത്താവായി എത്തും

നേഹ കക്കറും ഭർത്താവ് രോഹനും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:47 am IST


ബോളിവുഡ് സം​ഗീതലോകത്തെ ഏറ്റവും വിലയേറിയ ​ഗായികയാണ് നേഹ കക്കർ. ​ഗായിക എന്ന നിലയിൽ മാത്രമല്ല റിയാലിറ്റി ഷോ വിധികർത്താവായും നേഹ തിളങ്ങുകയാണ്. മൂന്നു സീസണുകളിലായി തുടർച്ചയായി ഇന്ത്യൻ ഐഡലിന്റെ വിധി കർത്താവാണ് നേഹ. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ​ഗായിക റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറ്റം. 

ഭർത്താവ് രോഹൻപ്രീത് സിങ്ങിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാൻ വേണ്ടിയാണ് റിയാലിറ്റി ഷോയിൽ നിന്നു വിട്ടു നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് റിയാലിറ്റി ഷോയുടെ ഷൂട്ടിങ് മുംബൈയിൽ നിന്ന് ധമനിലേക്ക് മാറ്റിയതു മുതൽ നേഹയ്ക്ക് പകരം സഹോദരിയും ​ഗായികയുമായ സോനു കക്കറാണ് വിധികർത്താവായി എത്തുന്നത്. എന്നാൽ മുംബൈയിലേക്ക് ഷോ തിരിച്ചെത്തിയതിന് ശേഷവും താരം മടങ്ങിവന്നിട്ടില്ല. അതോടെയാണ് നേഹ ഷോയിൽ പിന്മാറിയതായി റിപ്പോർട്ടുകൾ വരുന്നത്. 

സോനു കക്കർ പരിപാടിയുടെ വിധികര്‍ത്താവായി തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും കാലം കഠിനാധ്വാനം ചെയ്തു. ജീവിതത്തില്‍ പലതും നേടി. ഇനി തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനൊപ്പം കുറേയേറെ സമയം ചിലവഴിക്കണം എന്നാണ് നേഹയുടെ ആ​ഗ്രഹം എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്തായാലും താരത്തിന്റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നേഹയുടെ തീരുമാനത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് വരുന്നത്.  

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. സംഗീത വിഡിയോ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് ഇരുവരും കണ്ടു മുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now