ജനുവരി 14 തിയതി ജയന്‍ ചേര്‍ത്തല മാധ്യമങ്ങളെ കണ്ടപ്പോള്‍ എടുത്തു പറഞ്ഞ ചില പരാമര്‍ശങ്ങളാണ് പരാതിയുടെ അടിസ്ഥാനം.

ജയന്‍ ചേര്‍ത്തല
Last Updated :17 February 2025, 1:19 pm IST

News Now

കൊച്ചി: നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുന്‍ വൈസ് പ്രസിഡന്‍റുമായ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ട പരാതിയുമായി നിര്‍മാതാക്കളുടെ സംഘടന. ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെയാണ് പരാതി. കടക്കെണിയിലായ നിര്‍മാതാക്കളുടെ സംഘടന അമ്മയില്‍ നിന്ന് പണം വാങ്ങിയെന്ന ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ജനുവരി 14 തിയതി ജയന്‍ ചേര്‍ത്തല മാധ്യമങ്ങളെ കണ്ടപ്പോള്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പരാതിയുടെ അടിസ്ഥാനം. ഒരു കോടിയോളം രൂപ വിവിധ ഷോകളിലൂടെ അമ്മ പ്രൊഡ്യൂസ് അസോസിയേഷന് നല്‍കിയിരുന്നുവെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. എന്നാല്‍ പണം വാങ്ങിയെന്ന കാര്യം തെറ്റാണെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അയച്ച നോട്ടീസില്‍ ഉള്ളത്. ദുബായില്‍ നടന്ന ഷോയില്‍ മോഹന്‍ലാല്‍ സ്വന്തം കൈയില്‍ നിന്നും പണമെടുത്ത് വന്നിരുന്നുവെന്ന് പറഞ്ഞതിനേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നോട്ടീസില്‍ എതിര്‍ത്തിട്ടുണ്ട്. അന്ന് മോഹന്‍ലാലിന് ടിക്കറ്റ് എടുത്ത് കൊടുത്തത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണെന്ന് നോട്ടീസില്‍ പറയുന്നു.

താരങ്ങളുടെ കച്ചവട മൂല്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കണമെന്നും കടം കയറിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയത് അമ്മ ആണെന്നും ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താരങ്ങളെ വെച്ച് സിനിമയുണ്ടാക്കി ലാഭം കൊയ്തവരാണ് ഇന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഉള്ളത്. അവര്‍ തന്നെയാണ് പറയുന്നത് താരങ്ങള്‍ വില കുറയ്ക്കണമെന്ന്. ഈ ആളുകള്‍ക്ക് വേണമെങ്കില്‍ താരങ്ങള്‍ ഇല്ലാതെയും സിനിമ ചെയ്യാമല്ലോ. പക്ഷേ, അതവര്‍ ചെയ്യില്ല. അവര്‍ക്ക് താരങ്ങളെ വേണം. പക്ഷേ, പണം മുടക്കാനും പറ്റില്ല. ഇത് ഇരട്ടത്താപ്പാണെന്നും ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഭിനേതാക്കള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ട. തീയറ്ററില്‍ ആള്‍ കയറണമെങ്കില്‍ താരങ്ങള്‍ വേണമെന്നും ജയന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates