അതെല്ലാം മറികടക്കാന്‍ പറ്റി എന്നതാണ് എന്റെ വിജയം

Ramya Nambeesan
Ramya NambeesanSource by : ഇന്‍സ്റ്റഗ്രാം
Last Updated :28 June 2025, 3:28 pm IST

News Now

നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തലുകള്‍ നേരിട്ടിട്ടുണ്ടെന്ന് നടി രമ്യ നമ്പീശന്‍. തന്റെ കുട്ടിക്കാലത്തുണ്ടായ അനുഭവമാണ് താരം തുറന്ന് പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ നമ്പീശന്‍ മനസ് തുറന്നത്. പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോള്‍ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

''കുറച്ചധികം കാര്യങ്ങള്‍ പറയാനുണ്ട്. ചിലപ്പോള്‍ ഒരു ദിവസം മതിയാകാതെ വരും. ഞാന്‍ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാന്‍ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കി വെച്ച പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ'' രമ്യ പറയുന്നു.

അതേസമയം സമൂഹത്തില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ സ്‌കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റി നിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ഒരുപക്ഷെ പലരും അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടാകും. പക്ഷെ അതെല്ലാം മറികടക്കാന്‍ പറ്റി എന്നതാണ് എന്റെ വിജയം എന്നും രമ്യ പറയുന്നു. തന്റെ കുട്ടിക്കാലം എത്തരത്തിലുള്ളതായിരുന്നു എന്നും രമ്യ പറയുന്നുണ്ട്.

ഞാനൊരു ഇന്‍ട്രോവേര്‍ട്ടഡ് എക്‌സ്‌ട്രോവേര്‍ട്ട് ആയിരുന്നു. വളരെ പരിചിതമായ ഇടങ്ങളില്‍ എക്‌സ്‌ട്രോവേര്‍ട്ടായിരുന്നു. എന്നാല്‍ മറ്റിടങ്ങളില്‍ അല്‍പ്പം നാണക്കാരിയായ, അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു എന്നാണ് രമ്യ പറയുന്നത്. നടിയാവുക എന്നത് ഒരിക്കലും സാധിക്കില്ലെന്ന് പണ്ട് വിശ്വസിച്ചിരുന്നു. വളരെപ്പതിയെ ഓരോ പടികളായി ലക്ഷ്യത്തിലേക്ക് വന്നയാളാണ് ഞാന്‍. എല്ലാ കാര്യങ്ങളും സ്വന്തമായി ആര്‍ജിച്ചെടുത്താണ് ഇന്ന് കാണുന്ന രമ്യയിലേക്ക് എത്തിയത്. അതിന് അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെല്ലാം വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും താരം പറയുന്നു.

ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ രമ്യ ഇന്ന് തെന്നിന്ത്യയിലെ നിറ സാന്നിധ്യമാണ്. അഭിനയത്തിന് പുറമെ ഗായിക, നർത്തകി എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് രമ്യ. താരത്തിന്റെ മ്യൂസിക് ബാന്റ് ഇന്ന് പ്രശസ്തമാണ്. ഹെര്‍ ആണ് രമ്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. റേഞ്ചര്‍, ബെയ്‌ല എന്നിവയാണ് പുതിയ സിനിമകള്‍.

Summary

Ramya Nambeesan reveals being sidelined because of skin colour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics