1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!

മത്സരം രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയില്‍, സോണി ടെന്‍ ചാനലിലും സോണി ലിവ് ആപ്പിലും ലൈവ്

India vs Uruguay team training
India vs UruguaySource by : x
Last Updated :6 October 2026, 7:44 am IST

കൊല്‍ക്കത്ത: ബ്രസീലിനെതിരായ ചരിത്ര പോരാട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യവും മുന്‍ ലോക ചാംപ്യന്‍മാരുമായ ഉറുഗ്വെയുമായി ഏറ്റുമുട്ടാനിറങ്ങുന്നു. ഇന്ന് രാത്രി 7.30 മുതല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഉറുഗ്വെ പോരാട്ടം. മത്സരം ലൈവായി സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും കാണാം.

നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. 1982ല്‍ പ്രഥമ നെഹ്‌റു കപ്പ് ചാംപ്യന്‍മാരാണ് ഉറുഗ്വെ. അന്ന് ഇന്ത്യക്കെതിരെ ഉറുഗ്വെ കളിച്ചിരുന്നു. അന്നും കൊല്‍ക്കത്ത തന്നെയാണ് വേദിയായത്. 3-1ന് അന്ന് ഉറുഗ്വെ വിജയവും സ്വന്തമാക്കിയിരുന്നു.

ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്റെ പരിശീലനത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യക്കെതിരെ സൗഹൃദ മത്സരം കളിക്കാന്‍ ഉറുഗ്വെ എത്തുന്നത്. മുന്‍ മുംബൈ സിറ്റി എഫ്‌സി താരം കൂടിയായ ഫോര്‍ലാന് ഇന്ത്യന്‍ താരങ്ങളേയും ഇന്ത്യന്‍ സാഹചര്യങ്ങളേയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ട് എന്നത് ഉറുഗ്വെയ്ക്ക് നേട്ടമാണ്.

പരിചയസമ്പന്നനായ പ്രതിരോധ താരം ഹിമനെസാണ് അവരുടെ നായകന്‍. പ്രതിരോധത്തില്‍ റൊണാള്‍ഡോ അരുഹോ, മധ്യനിരയില്‍ അരാസ്‌കയേറ്റ, ആക്രമണത്തില്‍ ഡാര്‍വിന്‍ ന്യൂനസ് എന്നിവരാണ് ശ്രദ്ധേയ മുഖങ്ങള്‍. അതേസമയം റയല്‍ മാഡ്രിഡ് താരം ഫ്രഡറിക്കോ വാല്‍വര്‍ഡെയെ കാണാന്‍ ആരാധകര്‍ക്ക് അവസരം കിട്ടില്ല. പരിക്കിനെ തുടര്‍ന്ന് താരം എത്തിയിട്ടില്ല. എങ്കിലും ടീമിലെ മിക്ക താരങ്ങളും യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടുന്നവരാണ്.

ഫിഫ റാങ്കിങില്‍ 20ാം സ്ഥാനത്തുള്ള ടീമാണ് ഉറുഗ്വെ. എന്നാല്‍ സമീപകാലത്ത് മികച്ച ഫലങ്ങള്‍ അവര്‍ക്കില്ല. ലോകകപ്പില്‍ പ്രഥാമിക റൗണ്ടില്‍ തന്നെ പുറത്തായ അവര്‍ സമീപ ദിവസത്തില്‍ ജപ്പാനോട് സൗഹൃദ മത്സരത്തില്‍ 3-1നു പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെ നടന്ന പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ 4-1നു വീഴ്ത്തിയത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

4-0ത്തിന്റെ പാഠം

ഇന്ത്യ ബ്രസീലിനെതിരായ മത്സരം കളിച്ച ശേഷമാണ് ഇറങ്ങുന്നത്. ആ മത്സരത്തില്‍ 4-0ത്തിന് തോറ്റെങ്കിലും ഒട്ടേറെ നല്ല പാഠങ്ങള്‍ കിട്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ നില്‍ക്കുന്നത്. ബ്രസീലിന്റെ നിര്‍ണായക താരമായ വിനീഷ്യസ് ജൂനിയറിനെ പൂട്ടിക്കെട്ടിയ പ്രതിരോധ മികവ് അടക്കമുള്ള ഒട്ടേറെ പോസിറ്റീവ് കാര്യങ്ങള്‍ അന്നത്തെ മത്സരത്തില്‍ ടീമിനുണ്ട്. മാത്രമല്ല 3 കോര്‍ണറുകള്‍ അടക്കം മുന്നേറ്റത്തിലും ടീം മികവ് പുലര്‍ത്തി. ആദ്യ ഗോള്‍ വീഴുന്നതു വരെ ഇന്ത്യ ബ്രസീലിനെതിരെ കട്ടയ്ക്ക് പൊരുതി നിന്നതും ശ്രദ്ധേയം.

അതേസമയം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ പിഴവുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ പിഴവിന്റെ പേരില്‍ രാജ്യത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പറെ തള്ളിപ്പറയാന്‍ താന്‍ ഒരുക്കമല്ലെന്ന നിലപാടാണ് പരിശീലകന്‍ ഖാലിദ് ജമീലിനുള്ളത്. മന്‍വീര്‍, റയാന്‍ വില്ല്യംസ് എന്നിവര്‍ മുന്നേറ്റത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയാല്‍ മാത്രമേ ഇന്ത്യക്ക് വല ചലിപ്പിക്കാന്‍ സാധിക്കു. ഇരുവരും തിളങ്ങുമെന്നു തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

News Now

Summary

Following a 0-4 drubbing at the hands of Brazil, the Indian football team is preparing for another formidable FIFA international friendly against two-time World champions Uruguay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates