ഞാൻ ദുൽഖർ സിനിമകളുടെ ആരാധകൻ; വിഡിയോയുമായി രൺബീർ കപൂർ

ദുൽഖറിന്റെ പുതിയ ചിത്രം ഹേയ് സിനാമികയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള വിഡിയോയിലാണ് താരം ദുൽഖറിനോടുള്ള ഇഷ്ടം പറഞ്ഞത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST

തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ല ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള നടനാണ് ദുൽഖർ സൽമാൻ. ബോളിവുഡിൽ താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോൾ ദുൽഖർ സിനിമകളോടുള്ള താൽപ്പര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവു‍ഡിലെ യുവതാരം രൺബീർ കപൂർ. ദുൽഖറിന്റെ പുതിയ ചിത്രം ഹേയ് സിനാമികയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള വിഡിയോയിലാണ് താരം ദുൽഖറിനോടുള്ള ഇഷ്ടം പറഞ്ഞത്. 

രൺബീറിന്റെ വാക്കുകൾ ഇങ്ങനെ

ദുൽഖർ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും നടൻ എന്ന നിലയിൽ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു എന്നുമാണ് രൺബീർ പറഞ്ഞത്. കൂടാതെ ചിത്രത്തിലെ നായികമാരായ അദിതി റാവുവിനേയും കാജൽ അ​ഗർവാളിനേയും താരം പ്രശംസിച്ചു. "ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിന്‍റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടന്‍ എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്ക്കൊപ്പം ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍. കാജലിന്‍റെ പ്രകടനവും ഏറെ ഇഷ്‍ടപ്പെട്ടു. അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു"- രൺബീർ പറഞ്ഞു. 

രൺബീറിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദുൽഖറും രം​ഗത്തെത്തി. താൻ വലിയ ആരാധകനാണെന്നും പുതിയ ചിത്രം ബ്രഹ്മാസ്ത്രയ്ക്കായി കാത്തിരിക്കുകയാണ് എന്നുമാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചത്. 

മാർച്ച് 3ന് തിയറ്ററുകളിലേക്ക്

പ്രശസ്‍ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. മാർച്ച് 3ന് തിയറ്ററിൽ എത്തുന്ന ചിത്രത്തിന്റെ ​ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പുതിയ വിഡിയോ ഇന്ന് പുറത്തിറക്കുന്നതിന് മുന്നോടിയായാണ് രൺബീറിന്റെ സന്ദേശം എത്തിയത്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now