'ഇതാണോ ലൈവ് പെർഫോമൻസ്, ഇത് വെറും ലിപ് സിങ്ക്!'; തലയിലൂടെ വെള്ളമൊഴിച്ച് പാട്ട് പാടിയതിന് പിന്നാലെ ​ഗായികയ്ക്ക് വിമർശനം

പലരും എന്ത് അസംബന്ധമാണിതെന്നും എന്തിനാണ് ലിപ് സിങ്ക് ചെയ്യുന്നതെന്നും ചോദിച്ച് രംഗത്തെത്തി.

Jasmine Sandlas
Jasmine Sandlasവിഡിയോ സ്ക്രീൻഷോട്ട്
Last Updated :22 April 2026, 1:41 pm IST
Edited by :Hima Prakash

ബ്ലോക്ക്ബസ്റ്റർ ചിത്രം ധുരന്ധറിലെ ശരാരത് എന്ന പാട്ടിലൂടെ ശ്രദ്ധേയായ പിന്നണി ​ഗായിക ജാസ്മിൻ സാൻഡ്ലാസിനെതിരെ രൂക്ഷ വിമർശനം. അഹമ്മദാബാദിൽ നടന്ന ഒരു ലൈവ് കോൺസെർട്ടിനിടെ ലിപ് സിങ്ക് ചെയ്ത് പാടുന്നതായി അഭിനയിച്ചു എന്നാരോപിച്ചാണ് ഗായികയ്ക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്.

വേദിയിൽ പാട്ട് പാടുന്നതിനിടെ തന്‍റെ തലയിലേക്ക് വെള്ളമൊഴിച്ച ഗായികയുടെ പ്രകടനം അതിരുകടന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. ഏപ്രിൽ 19ന് നടന്ന പരിപാടിയിൽ തന്‍റെ ഹിറ്റ് ഗാനമായ 'ശരാരത്' പാടുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ലെഹങ്ക ചോളിയണിഞ്ഞ് സ്റ്റേജിലെത്തിയ ജാസ്മിൻ, ശരാരത് എന്ന ഗാനം ആലപിച്ച് സ്റ്റേജിൽ ചുവടുവെക്കുകയും അതിനിടെ സ്വന്തം ദേഹത്തേക്ക് വെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രകടനം ആവേശമായതോടെ ജാസ്മിൻ മൈക്ക് താഴ്ത്തിവെക്കുകയും എന്നാൽ പാട്ട് പശ്ചാത്തലത്തിൽ കൃത്യമായി തുടരുകയും ചെയ്തു.

ഗായിക വെറും 'ലിപ് സിങ്ക്' (ചുണ്ടനക്കം) മാത്രമാണ് നടത്തുന്നതെന്നും തത്സമയം പാടുന്നില്ലെന്നുമുള്ള ആരോപണത്തിന് ബലമേകി. ലൈവ് കോൺസെർട്ടിന് ടിക്കറ്റെടുത്ത് എത്തുന്നവരെ കബളിപ്പിക്കുകയാണെന്നും പാടുന്നതിനേക്കാൾ കൂടുതൽ അഭിനയിക്കാനാണ് ജാസ്മിൻ താല്പര്യപ്പെടുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

പലരും എന്ത് അസംബന്ധമാണിതെന്നും എന്തിനാണ് ലിപ് സിങ്ക് ചെയ്യുന്നതെന്നും ചോദിച്ച് രംഗത്തെത്തി. ലൈവ് കോൺസെർട്ടുകളിൽ പോലും ഇവർ നേരിട്ട് പാടുന്നില്ല, ഇതിനെയാണോ ലൈവ് പെർഫോമൻസ് എന്ന് വിളിക്കുന്നത് ഇത് ഫേക്ക് പെർഫോമൻസ് ആണ് എന്നുമെല്ലാം പലരും ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, ഗായികയുടെ വേഷവിധാനത്തെയും സ്റ്റേജിലെ പെരുമാറ്റത്തെയും ഒരു വിഭാ​ഗം ആളുകൾ പരിഹസിക്കുന്നുണ്ട്. എന്നാൽ ജാസ്മിന്‍റെ സ്റ്റേജ് എനർജിയെയും പ്രകടനത്തെയും പിന്തുണച്ചും ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സൽമാൻ ഖാൻ ചിത്രം 'കിക്ക്' എന്ന സിനിമയിലെ 'യാർ നാ മിലേ' എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ ശ്രദ്ധേയയായത്.

News Now

Summary

Cinema News: Singer Jasmine Sandlas trolled during Ahmedabad concert.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics