

ഇതിന് അടുത്തൊരു ഭാഗം ഉണ്ടാവുകയാണെങ്കിൽ ഞാൻ അതിൽ ഉണ്ടാകില്ല.

'ജയിലർ 2' റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീന്റെ കുറിപ്പ്. 'ജയിലർ 2' വിൽ മോഹൻലാലിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് ജിഷാദ് ആണ്. മോഹൻലാലിൻറെ പ്രധാനപ്പെട്ട പല സീനുകളും സിനിമയിൽ നിന്ന് പൂർണമായും വെട്ടിമാറ്റിയതിലുള്ള കടുത്ത നിരാശയാണ് ജിഷാദ് പങ്കുവച്ചിരിക്കുന്നത്.
ട്രെയ്ലറിൽ കാണിച്ച രംഗങ്ങളും മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും, ഒരു സൂപ്പർ സ്റ്റാറിനോട് കാണിച്ച ഈ അനാദരവ് കാരണം ഇനി ചിത്രത്തിന്റെ അടുത്ത ഭാഗം ഉണ്ടായാൽ താൻ ഭാഗമാകില്ലെന്നും ജിഷാദ് വ്യക്തമാക്കി. മോഹൻലാലിന്റെ വസ്ത്രങ്ങളുടെ ചിത്രത്തോടൊപ്പം മോഹൻലാലിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ജിഷാദ് പങ്കുവച്ചിട്ടുണ്ട്.
"എന്നെ സ്നേഹിക്കുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും. 'ജയിലർ 2' റിലീസ് ചെയ്ത സാഹചര്യത്തിൽ എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയണമെന്നുണ്ട്. ഷൂട്ട് ചെയ്ത രംഗങ്ങൾ വച്ച് എനിക്ക് ഞങ്ങളുടെ ജോലിയെക്കുറിച്ച് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടായിരുന്നു, ട്രെയ്ലറിൽ വെറുമൊരു രണ്ട് സെക്കൻഡ് മാത്രം കാണിച്ചപ്പോഴും ആ പ്രതീക്ഷ പോയില്ല.
എന്നാൽ സിനിമ ഇറങ്ങിയപ്പോൾ മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകൾ പൂർണമായും വെട്ടിമാറ്റി. ആ ട്രെയ്ലറിലുണ്ടായിരുന്ന രംഗം പോലും ഒഴിവാക്കി. എന്റെ സിനിമാ പരിചയം വച്ച് പറയുകയാണെങ്കിൽ, മോഹൻലാൽ സാറിനെപ്പോലൊരു വലിയ താരത്തിന്റെ സീനുകൾ ഇതുപോലെ വെട്ടിമാറ്റേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു.
നമ്മുടെ സൂപ്പർ സ്റ്റാറിനെ ഇങ്ങനെ ചുരുക്കിക്കാണിച്ചത് കണ്ടതുകൊണ്ട്, ഇതിന് അടുത്തൊരു ഭാഗം ഉണ്ടാവുകയാണെങ്കിൽ ഞാൻ അതിൽ ഉണ്ടാകില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.
എനിക്ക് കോടി ക്ലബ്ബുകളോ ലാഭമോ പണമോ വലിയ താരപദവിയോ ഒന്നും പ്രധാനം അല്ല. എനിക്ക് പ്രധാനം ആരാധകരും, സിനിമയെ സ്നേഹിക്കുന്നവരും, മോഹൻലാൽ സാറും മാത്രമാണ്. എന്നും എന്റെ കൂടെ നിന്നതിന് എല്ലാവർക്കും വലിയ നന്ദി".- ജിഷാദ് കുറിച്ചു.
'ജയിലർ' ആദ്യഭാഗത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തിയറ്ററുകൾ ഇളക്കി മറിക്കാൻ മോഹൻലാലിന്റെ കഥാപാത്രത്തിന് ആയിരുന്നു. രജനികാന്തിന്റെ പ്രകടനത്തിനൊപ്പം തന്നെ മോഹൻലാലിന്റെ മാസ് എൻട്രിയും തമിഴകത്തും കേരളത്തിലും ഒരേപോലെ ആഘോഷിക്കപ്പെട്ടതാണ്.
എന്നാൽ രണ്ടാം ഭാഗത്തിൽ സ്ക്രീൻ ടൈം വളരെ കുറഞ്ഞതും മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിമാറ്റിയതും സിനിമാ പ്രേമികളെയും ആരാധകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്. ജിഷാദിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധിയാളുകളാണ് പിന്തുണയുമായി എത്തുന്നത്. 'ഇങ്ങേരെ കാണിച്ചാൽ രജനി അണ്ണൻ സൈഡ് ആകും എന്ന് ഉറപ്പാണ്,
അതുകൊണ്ടാകും ഇൻട്രോ സീൻ പോലും കട്ട് ചെയ്തത്', 'എന്ത് പറയാനാണ്, അങ്ങേരെ നല്ലപോലെ കാണിച്ചാൽ രജനി പോലും പടത്തിൽ സൈഡ് ആയിപ്പോകും', 'ചതിയായിപ്പോയി', 'ലാലേട്ടന് എന്തുകൊണ്ടാണ് ഇത്രയും കുറവ് സ്ക്രീൻ ടൈം എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു' എന്നിങ്ങനെ പോകുന്ന ആരാധകരുടെ കമന്റുകൾ.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates