
'ടെലിഫോൺ എക്സ്ചേഞ്ച് ഇയാളുടെ ആണോ ?'; മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് സുചിത്ര
സുചി, അല്ലെങ്കിൽ അമ്മ എന്നാണ് ചേട്ടൻ എന്നെ വിളിക്കാറ്.

മോഹൻലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കണ്ട സമയത്ത് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നുവെന്നും പിന്നീട് 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യ്ക്ക് കണ്ട സമയത്താണ് മോഹൻലാലിനോട് ഇഷ്ടം തോന്നിയതെന്നും സുചിത്ര പറഞ്ഞു.
മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ തന്റെ അച്ഛൻ ബാലാജി നൽകിയ ഉപദേശത്തെക്കുറിച്ചും സുചിത്ര ഓർത്തെടുത്തു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു താരപത്നി. "ഞാൻ സിനിമയിൽ അല്ലേ ചേട്ടനെ കണ്ടിട്ടുള്ളൂ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കളൊ'ക്കെ കാണുന്ന സമയത്ത് എനിക്ക് ഇഷ്ടമേയല്ല. അതുപോലെയാണിപ്പോൾ ആശിഷ് വന്നപ്പോൾ, തിയറ്ററിലിരുന്ന് ആൾക്കാർ എന്തൊക്കെയാണ് പറയുന്നത്. അവൻ അത്ര നന്നായി ചെയ്തതു കൊണ്ടാണ് അങ്ങനെയൊരു റിയാക്ഷൻ കിട്ടുന്നത്. അതുപോലെ ചേട്ടൻ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ' അത്രയും നന്നായി ചെയ്തതുകൊണ്ടാണ് നമുക്ക് ഇഷ്ടക്കേട് തോന്നിയത്.
അതുകഴിഞ്ഞ് 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യ്ക്ക് കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് ഇഷ്ടമാകാൻ തുടങ്ങിയത്. തീർച്ചയായും സിനിമ കണ്ട് തന്നെയാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയത്. ഞാനൊരു വലിയ ഫാനായിരുന്നു. തമിഴിൽ രജനികാന്തിനെയും മലയാളത്തിൽ ചേട്ടനോടുമാണ് ആരാധന തോന്നിയിട്ടുള്ളത്.
മെരിലാൻഡ് സ്റ്റുഡിയോസിന്റെ കുടുംബത്തിലുള്ളവരും എന്റെ ഡാഡിയുമൊക്കെയായി നല്ല അടുപ്പമായിരുന്നു. അങ്ങനെ മുരുകൻ മാമന്റെ കല്യാണത്തിന് പോയപ്പോഴാണ് ചേട്ടനെ ഞാൻ ആദ്യമായി കാണുന്നത്. അന്നൊരു ഫാൻ ആയിട്ട് ചേട്ടന്റെ കൂടെ പോയി നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ആ ഫോട്ടോ ഇന്നുവരെ എന്റെ കയ്യിൽ കിട്ടിയിട്ടില്ല.
അതുകഴിഞ്ഞിട്ട് ഞാൻ വീട്ടിൽ പറഞ്ഞു. വീട്ടിൽ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു, സുകുമാരി ആന്റി വഴി ചോദിക്കാമെന്ന്. ഡാഡിക്ക് സുകുമാരി ആന്റിയെ നന്നായി അറിയാമായിരുന്നു. ഭർത്താവ് എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെക്കുറിച്ച് പരാതികളൊന്നുമില്ല.
ഷൂട്ടിങ്ങിന് പോകുമ്പോൾ കുറേ ദിവസം ഞാൻ കാണാതെ ഒക്കെ ഇരിക്കും. ഇങ്ങനെയൊരാളെ കല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോൾ എന്റെ അച്ഛൻ എനിക്കൊരു ഉപദേശം തന്നിരുന്നു. "നീ ആദ്യം ആലോചിച്ചിട്ട് വേണം. കാരണം, നീ ഇതുപോലെയൊരു ഇൻഡസ്ട്രിയിൽ ഇങ്ങനെയൊരു ജോലി ചെയ്യുന്ന ആളെയാണ് കല്യാണം കഴിക്കാൻ പോകുന്നത്.
ചിലപ്പോൾ വീട്ടിൽ താമസിച്ചു വരും, ചിലപ്പോൾ ഷൂട്ടിങ്ങിന് പോയിട്ട് കുറേ ദിവസം വന്നില്ലാ എന്നിരിക്കും, അപ്പോഴൊക്കെ വരുമ്പോൾ നീ മുഖം വീർപ്പിച്ചിരുന്നാൽ ഇത് നടക്കില്ല, ശരിയാകില്ല. പിന്നെ ഈ ഇൻഡസ്ട്രിയിലുള്ളപ്പോൾ നീ കുറേ കാര്യങ്ങൾ കേട്ടെന്നിരിക്കും. അതൊക്കെ നിനക്ക് നന്നായി കൈകാര്യം ചെയ്യാൻ പറ്റണം.
നിന്റെ അമ്മ വളരെ ശാന്ത സ്വഭാവമുള്ള ഒരാളാണ്. നിന്റെ അമ്മ എല്ലാ കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യുന്നത് കാണുന്നതല്ലേ. അതുപോലെ നീയും ചെയ്യേണ്ടി വരും. നാളെ വന്നിട്ട്, ഡാഡി അങ്ങനെയാ ഇങ്ങനെയാ എന്ന് പറഞ്ഞ് കരഞ്ഞ് വന്നാൽ ഞാൻ നിന്നെ തിരിച്ച് വീട്ടിലൊന്നും കയറ്റില്ല. അതുകൊണ്ട് എല്ലാം ആലോചിച്ചിട്ട് നീ തീരുമാനിച്ചാൽ മതി"യെന്ന് പറഞ്ഞു.
ഇതേ ഡാഡി തന്നെ എന്റെ കല്യാണം കഴിഞ്ഞ് കുറേ വർഷം കഴിഞ്ഞിട്ട് ചേട്ടന്റെ അടുത്ത് പറഞ്ഞു, 'ലാൽ നീ അവളെ നശിപ്പിക്കുകയാണെന്ന്'. അപ്പോൾ ചേട്ടൻ പറഞ്ഞു, 'ഡാഡി, ഡാഡി എങ്ങനെ വളർത്തിയോ അതിനേക്കാളും കുറച്ചു കൂടി നന്നായി ഞാൻ നോക്കണ്ടേ' എന്ന്. പിന്നെ ഞാൻ അർഹിക്കുന്ന ബഹുമാനം അദ്ദേഹം എനിക്ക് തരുന്നുണ്ട്.
എപ്പോഴും എന്നോട് വളരെ സ്നേഹമാണ്. കല്യാണം കഴിയുന്നതിന് മുൻപും അതിന് ശേഷവും അദ്ദേഹത്തിനെ ഞാനിങ്ങനെ ഫോൺ വിളിച്ചു കൊണ്ടിരിക്കുമായിരുന്നു. അതുകണ്ടിട്ട് ഡാഡി എന്റെ കസിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'ഇയാൾ എന്താ ഇത് ? ടെലിഫോൺ എക്സ്ചേഞ്ച് ഇയാളുടെ ആണോ' എന്ന്.
അന്നൊക്കെ എസ്ടിഡി കോൾ ആയിരുന്നല്ലോ. ഇപ്പോൾ നമുക്ക് വാട്സ്ആപ് കോൾ ഒക്കെയുണ്ട്. അന്ന് അതൊന്നുമില്ലല്ലോ. അപ്പോൾ ഡാഡി പറയും, 'ടെലിഫോൺ എക്സ്ചേഞ്ച് ഇയാളുടെ ആണെന്നാണോ വിചാരം, ഇങ്ങനെ വിളിച്ചോണ്ടിരിക്കാൻ' എന്നൊക്കെ. അതിപ്പോഴും മിണ്ടും. ഞാനിപ്പോൾ ചേട്ടനെ അങ്ങോട്ട് വിളിക്കാറേയില്ല, അദ്ദേഹം ഇങ്ങോട്ട് വിളിക്കും.
സുചി, അല്ലെങ്കിൽ അമ്മ എന്നാണ് ചേട്ടൻ എന്നെ വിളിക്കാറ്. എല്ലാ വീട്ടിലും അങ്ങനെയാണല്ലോ മമ്മി, പപ്പ എന്ന് പിള്ളേര് വിളിക്കുമ്പോൾ ഓട്ടോമാറ്റിക്ക് ആയിട്ട് ഭാര്യയും ഭർത്താവും അങ്ങോട്ടുമിങ്ങോട്ടും പപ്പ - മമ്മ എന്ന് വിളിക്കും. അതുപോലെയായിരിക്കും അദ്ദേഹം എന്നെ അമ്മ എന്ന് വിളിക്കുന്നത്. പക്ഷേ കൂടുതലും സുചി എന്നാണ് വിളിക്കാറ്".- സുചിത്ര മോഹൻലാൽ പറഞ്ഞു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Suchitra on her father's advice when she told him she wanted to marry Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




