'ബാറുകൾ തുറന്ന സ്ഥിതിക്ക് തിയറ്ററുകളും തുറക്കാൻ അനുവദിക്കണം'; ഉണ്ണി മുകുന്ദൻ 

സിനിമ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്

ഉണ്ണി മുകുന്ദൻ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:35 am IST
Edited by :migrator

തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി നടൻ ഉണ്ണി മുകുന്ദൻ. ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. തിയറ്ററുകൾ തുറക്കാൻ സാധിക്കാനാത്തതിനാൽ കൊറോണയ്ക്ക് മുൻപ് ചിത്രീകരണം ആരംഭിച്ചതുൾപ്പടെ 80 ലേറെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കാനാവാതെയിരിക്കുന്നത്. അതിനാൽ സിനിമ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്. തിയറ്ററുകൾ തുറന്നാലെ സിനിമയെ ആശ്രയിച്ചു നിൽക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനാവുകയൊള്ളൂവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സ്ഥിതിക്ക് തിയറ്ററുകൾ തുറക്കാനുള്ള അനുമതി നൽകണമെന്നും താരം കുറിച്ചു. 

ഉണ്ണി മുകുന്ദന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

സിനിമയും ഒരു തൊഴിലാണ് !! 
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വർഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാൽ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്. 

എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാൻ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂർവ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങൾ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകൾ തുറക്കാൻ സാധിക്കാനാത്തതിനാൽ കൊറോണയ്ക്ക് മുൻപ് ചിത്രീകരണം ആരംഭിച്ചതുൾപ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തിൽ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്. 

സിനിമ മേഖലയിലെ ആർട്ടിസ്റ്റുകൾ, ടെക്നിഷ്യൻസ്, പ്രൊഡക്ഷൻ രംഗത്തെ തൊഴിലാളികൾ, തീയറ്റർ ഉടമകൾ, തൊഴിലാളികൾ, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്. തീയറ്ററുകൾ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂർവ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now