പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ​ഗായകനെ മാറ്റിയിരിക്കുകയാണ് നിർമാതാക്കൾ

marco dubzee
മാർക്കോ പോസ്റ്റർ, ഡബ്സി Source by : ഇൻസ്റ്റ​ഗ്രാം
Last Updated :24 November 2024, 10:30 am IST

News Now

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാർക്കോ’യിലെ ​ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ​ഗാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഡബ്സിയാണ് ​ഗാനം പാടിയിരുന്നത്. എന്നാൽ ഡബ്സിയുടെ ശബ്ദം പാട്ടിന് ചേരുന്നില്ല എന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടത്. പിന്നാലെ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ​ഗായകനെ മാറ്റിയിരിക്കുകയാണ് നിർമാതാക്കൾ.

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ പാട്ട് പാടി ശ്രദ്ധേയനായ സന്തോഷ് വെങ്കിയെക്കൊണ്ടാണ് ​ഗാനം വീണ്ടും പാടിച്ചത്. പ്രേക്ഷകർ ആവശ്യപ്പെട്ടതും സന്തോഷ് വെങ്കിയെക്കൊണ്ട് പാടിക്കാനായിരുന്നു. നേരത്തേ തന്നെ സന്തോഷ് വെങ്കിയെക്കൊണ്ടും പാട്ട് പാടിപ്പിച്ച് റെക്കോർഡ് ചെയ്തു വച്ചിരുന്നുവെന്നും അതിനാൽത്തന്നെ ചുരുങ്ങിയ സമയത്തിനകം പുതിയ പതിപ്പും പ്രേക്ഷകരിൽ എത്തിക്കാൻ സാധിച്ചെന്നും അണിയറപ്രവർത്തകർ പ്രതികരിച്ചു. പുതിയ വേർഷനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാർക്കോ’. രവി ബസ്റുർ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലിൽ നിവിൻ പോളിയുടെ വില്ലൻ റോളിലാണ് ഉണ്ണി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates