'മുത്തശ്ശി ഇത് അർഹിച്ചിരുന്നു, മുകളിലിരുന്ന് അവരിതെല്ലാം കണ്ടിട്ടുണ്ട്'; ആശ ഭോസ്‌ലെയുടെ സംസ്കാരത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി കൊച്ചുമകൾ

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു.

Zanai Bhosle, Asha Bhosle
Zanai Bhosle, Asha Bhosleഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :14 ഏപ്രിൽ 2026, 12:54 pm IST

ഇതിഹാസ ​ഗായിക ആശ ഭോസ്‌ലെ വിടപറഞ്ഞതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി കൊച്ചുമകൾ സനായ് ഭോസ്‌ലെ. തിങ്കളാഴ്ച മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ പൂർണമായും ഔ​​ദ്യോ​ഗിക ബഹുമതികളോടെയായിരുന്നു ആശ ഭോസ്‌ലെയ്ക്ക് രാജ്യം വിട നൽകിയത്.

ഏറെ വിഷമകരമായ സാഹചര്യത്തിൽ തങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്ന് സനായ് ഭോസ്‌ലെ പറഞ്ഞു. സംസ്കാര ചടങ്ങിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു കൊണ്ടായിരുന്നു സനായ്‌യുടെ വൈകാരികമായ കുറിപ്പ്.

"വികാരങ്ങളാൽ വിങ്ങി നിൽക്കുകയാണ്, എന്നെക്കൊണ്ട് കഴിയുമ്പോൾ ഞാനത് എഴുതാം. പക്ഷേ ഒരു കാര്യം ഞാൻ പറയട്ടെ, ഇന്ന് അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത നിരവധി ആളുകൾ ഉണ്ടായിരുന്നു, അതിനേക്കാളുപരി അവരോടുള്ള സ്നേഹമാണ് അവിടെ കാണാനായത്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു.

ഇത് ഓരോന്നും അവർ അർഹിച്ചിരുന്നു. നമ്മൾ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ അവർ എന്നന്നേക്കും ജീവിക്കുമെന്ന യാഥാർഥ്യം ഞാൻ‌ മനസിലാക്കുന്നു. അതുപോലെ മുകളിലിരുന്ന് അവർ ഇതെല്ലാം കണ്ടിട്ടുണ്ട്". - സനായ് ഭോസ്‌ലെ കുറിച്ചു. ഹൃദയ, ശ്വാസകോശ അസുഖങ്ങളെ തുടർന്ന്‌ മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു പ്രിയ ഗായികയുടെ അന്ത്യം.

സിനിമ- സാംസ്കാരിക- രാഷ്ട്രീയ രം​ഗത്തെ പ്രമുഖരും ആരാധകരുമടക്കും പതിനായിരക്കണക്കിന് ആളുകളാണ് പ്രിയ ​ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ആശ ഭോസ്‌ലെയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം ലോവർ പരേലിലെ വസതിയിൽ നിന്ന് ദാദറിലെ ശിവാജി പാർക്ക് ശ്മശാനത്തിലേക്ക് യാത്ര തിരിച്ചപ്പോൾ വഴിയിലുടനീളം അന്ത്യാഞ്ജലി അർപ്പിക്കാനായി ജനങ്ങൾ തടിച്ചുകൂടി.

സനായ് ഭോസ്‌ലെ പങ്കുവച്ച കുറിപ്പ്

സനായ് ഭോസ്‌ലെ പങ്കുവച്ച കുറിപ്പ് - ഇൻസ്റ്റ​ഗ്രാം

എട്ട് പതിറ്റാണ്ട്‌ നീണ്ട സുദീർഘമായ സംഗീതയാത്രയിൽ വിവിധ ഭാഷകളിലായി 12,000ത്തോളം ഗാനങ്ങൾ സമ്മാനിച്ചാണ് ആശ ഭോസ്‌ലെ മടങ്ങിയത്.

News Now

Summary

Cinema News: Zanai Bhosle says she was overwhelmed with emotions at Asha Bhosle’s funeral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates