ജോലിസ്ഥലത്തെ തര്‍ക്കം; കുവൈത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യന്‍ യുവാവ്

Indian Expat Arrested After Colleague Stabbed to Death at Al-Abdali Farm
പ്രതീകാത്മക ചിത്രം
Edited by :Amal Joy
Last Updated :1 സെപ്റ്റംബർ 2026, 5:17 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ യുവാവ് പിടിയില്‍. ജോലിസ്ഥലത്തെ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ പ്രതിയായ ഇന്ത്യക്കാരനെ ജഹ്റ ഡിറ്റക്ടീവുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അല്‍-അബ്ദാലി മേഖലയിലെ ഒരു ഫാമില്‍ വെച്ച് ശക്തമായ വഴക്ക് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും യുവാവ് രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്നതാണ് കണ്ടത്. ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മറ്റൊരു ഇന്ത്യക്കാരനാണ് പ്രതിയെന്ന് കണ്ടെത്തി. കൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയ ഡിറ്റക്ടീവുകള്‍ അതേ പ്രദേശത്തുള്ള മറ്റൊരു ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മുന്‍പുണ്ടായിരുന്ന ജോലിസംബന്ധമായ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസ് കൂടുതല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

News Now

Summary

Indian Expat Arrested After Colleague Stabbed to Death at Al-Abdali Farm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates