
അജ്മാനിൽ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് 6.55 ലക്ഷം ദിർഹം നഷ്ടപരിഹാരം
ലിഫ്റ്റ് ടെക്നീഷ്യനായ സുധീർ സഞ്ചരിച്ച കമ്പനി വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്

ദുബായ്: അജ്മാനിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട് ജോലി ചെയ്യാനാകാതെ ദുരിതത്തിലായ മലയാളി പ്രവാസിക്ക് ദുബായ് കോടതി വഴി 6,55,341 ദിർഹം (ഏകദേശം ഒന്നരക്കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചു. അപകടത്തിൽ ജീവിതം വഴിമുട്ടിപ്പോയ മുപ്പത്തിയെട്ടുകാരനായ സുധീറിന് ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് കോടതി ചെലവുകൾ ഉൾപ്പെടെയുള്ള ഈ തുക ലഭിച്ചത്. പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാൽ സുധീറിനുണ്ടായ ഭാവി നഷ്ടങ്ങളും തുടർചികിത്സകളും കണക്കിലെടുത്ത് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ദുബായ് കോർട്ട് ഓഫ് കസേഷനിൽ വീണ്ടും അപ്പീൽ നൽകിയിട്ടുണ്ട്
കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു രണ്ട് കുട്ടികളുടെ പിതാവായ സുധീർ. അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടെ 2025 മെയ് മാസത്തിലാണ് ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്. കമ്പനി വാഹനത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് കാൽനടപ്പാതയിലേക്ക് ഇരച്ചുകയറുകയും തുടർന്ന് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുധീറിന്റെ ഇടതുകാൽ പൂർണ്ണമായും തകർന്നുപോയി.
ഉടൻതന്നെ ദുബായ് ജബൽ അലിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ മുട്ടിന് താഴെവെച്ച് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന് സംഭവിച്ച ഗുരുതരമായ അംഗവൈകല്യം, ഭാവിയിലെ ഉപജീവനമാർഗ്ഗം അടഞ്ഞത്, മാനസികവും ശാരീരികവുമായ ആഘാതങ്ങൾ, കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടി ദുബായിലെ ആയിഷ അൽ ദാഹേരി അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വക്കേറ്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന ഇൻഷുറൻസ് കമ്പനിക്കെതിരെ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബായ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
കേസ് ആദ്യം പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി സുധീറിന് നാല് ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചു. എന്നാൽ ഈ തുക അപര്യാപ്തമാണെന്ന് കാണിച്ച് അഡ്വക്കേറ്റ് ഷംസുദ്ദീൻ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീൽ പരിഗണിച്ച കോടതി നഷ്ടപരിഹാരത്തുക ആറ് ലക്ഷം ദിർഹമായി വർദ്ധിപ്പിച്ചു. കോടതിച്ചെലവുകൾ കൂടി ചേർത്താണ് ഇപ്പോൾ 6,55,341 ദിർഹം അനുവദിച്ചത്. അതേസമയം, അപകടത്തിൽ സുധീറിന്റെ വലതുകാലിനും സാരമായ പരിക്കേറ്റിരുന്നുവെന്നും ഇതിനായി ഇപ്പോഴും തുടർചികിത്സകൾ ആവശ്യമായി വരുന്നതിനാലുമാണ് പരമോന്നത കോടതിയിൽ വീണ്ടും അപ്പീൽ നൽകിയതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Following a determined legal battle in the Dubai Courts, an Indian expatriate from Kerala who lost his left leg in a tragic road accident in Ajman has received Dh655,341 (approximately Rs 1.5 crore) as interim compensation and court costs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

