രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുന്നത്

പ്രിയങ്ക ഗാന്ധി/ഫയല്‍ഫോട്ടോ
Last Updated :20 January 2024, 9:09 am IST

News Now

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ഇന്ത്യയിലുടനീളം വനിതകളെ സംഘടിപ്പിച്ചുള്ള യാത്രക്കൊരുങ്ങി പ്രിയങ്കാ ​ഗാന്ധിയും. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ മെ​ഗാ പ്രചാരണ പരിപാടികൾക്കാണ് കോൺ​ഗ്രസ് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് പ്രിയങ്കയുടെ നേതൃത്വത്തിലുള്ള യാത്രയും. 

എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗമായിരുന്നു ഇത്.

രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുന്നത്. 'ഹാത് സേ ഹാത് ജോഡോ അഭിയാന്‍' എന്ന പേരിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതലായിരിക്കും പ്രചാരണ പരി​പാടികൾ ആരംഭിക്കുക.

ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദ യാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ഇതിനു പുറമേയാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടത്തുന്നത്. 

ഭാരത് ജോഡോ യാത്രയുടെ ആവേശം പാര്‍ട്ടിയുടെ താഴേത്തട്ടിലേക്ക് പകരാനും ആവേശം നിലനിർത്താനുമാണ് മെ​ഗാ പ്രചാരണം. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്റെ കത്ത് പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates