പെണ്‍കുട്ടികളെ സ്വാധീനിച്ച് കവര്‍ച്ച ചെയ്യലാണ് പ്രതിയുടെ പതിവു പരിപാടി

anjali murder
കൊല്ലപ്പെട്ട അഞ്ജലി, പ്രതി ​ഗിരീഷ് Source by : എക്സ് ചിത്രം
Last Updated :17 May 2024, 12:41 pm IST

News Now

ബംഗലൂരു: കര്‍ണാടകയിലെ ഹുബ്ബളിയില്‍ ഉറങ്ങിക്കിടന്ന 20 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിശ്വ എന്ന ഗിരീഷിനെ പൊലീസ് പിടികൂടി. ബംഗളൂരുവില്‍ നിന്നും ഗോവയിലെത്തി അവിടെ നിന്നും മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ തലയിലും മുഖത്തുമെല്ലാം സാരമായ പരിക്കുകളുണ്ട്. ഇതേത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹുബ്ലി പൊലീസ് കമ്മീഷണര്‍ രേണുക സുകുമാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും, യുവതി തന്നെ ബ്ലോക്ക് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് കമ്മീഷണര്‍ രേണുക സുകുമാര്‍ സൂചിപ്പിച്ചു. അതേസമയം പ്രതി ഗിരീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളെ സ്വാധീനിച്ച് കവര്‍ച്ച ചെയ്യലാണ് പ്രതിയുടെ പതിവു പരിപാടി. മദ്യത്തിന് അടിമയായ പ്രതി, ബൈക്ക് മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പം കബളിപ്പിക്കാവുന്ന യുവതികളെ കണ്ടെത്തി, പ്രണയ നാടകമോ, ഇമോഷണല്‍ കാര്‍ഡോ ഇറക്കി അടുപ്പം സ്ഥാപിക്കും. തുടര്‍ന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും അടിച്ചുമാറ്റുകയാണ് ചെയ്തിരുന്നത്.

എന്നാല്‍ ഹുബ്ബളിയില്‍ കൊല്ലപ്പെട്ട അഞ്ജലി പ്രതിയുടെ വലയില്‍ വീണില്ല. പ്രണയനാടകത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ മൈസൂരുവിലേക്ക് പോകാമെന്ന നിര്‍ദേശവും 20 കാരി നിരസിച്ചു. ഇതോടെ കവര്‍ച്ചാശ്രമം പാളുമെന്ന് തോന്നിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താനായി രണ്ടു സംഘങ്ങളെയാണ് കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചത്.

കര്‍ണാടകയിലെ ഹുബ്ബളി വീരപുരയില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന അഞ്ജലി അംബിഗേരയെന്ന 20 കാരിയെ പ്രതി വീട്ടില്‍ കടന്നുകയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. നാടുവിടാമെന്ന നിര്‍ദേശം അവഗണിച്ച അഞ്ജലിയെ പ്രതി ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രതിയുടെ ഭീഷണി ചൂണ്ടിക്കാട്ടി അഞ്ജലി ബണ്ടിഗേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ, ബണ്ടിഗേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രപ്പ ചിക്കോഡി, വനിതാ കോണ്‍സ്റ്റബിള്‍ രേഖ ഹാവറെഡ്ഡി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ കൃത്യവിലോപം കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates