'സക്കര്‍ബര്‍ഗ് മാപ്പ് പറയണം, ഇല്ലെങ്കില്‍ നടപടി'; മോദിയുടെ വിഡിയോ നീക്കിയതില്‍ മെറ്റയ്ക്ക് അന്ത്യശാസനം

സേഫ് ഹാര്‍ബര്‍ നിയമപരിരക്ഷ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് സമിതി

mark zuckerberg, narendra modi
മാർക്ക് സക്കർബർഗ്, നരേന്ദ്ര മോദി
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :5 ഓഗസ്റ്റ് 2026, 12:54 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് പാര്‍ലമെന്ററി സമിതിയുടെ അന്ത്യശാസനം. സംഭവത്തില്‍ സക്കര്‍ബര്‍ഗ് മൂന്നുദിവസത്തിനകം മാപ്പ് പറയണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സമയപരിധിക്കകം മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ മെറ്റയ്ക്ക് ലഭിക്കുന്ന സേഫ് ഹാര്‍ബര്‍ നിയമപരിരക്ഷ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിലാണ് തീരുമാനം. 140 കോടി ജനങ്ങളുടെ പ്രതിനിധിയായ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്തത് ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സമിതി നിരീക്ഷിച്ചു. ജൂലൈ 23നാണ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി പങ്കുവെച്ച വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന മെറ്റയുടെ വിശദീകരണം ഐടി മന്ത്രാലയവും പാര്‍ലമെന്ററി സമിതിയും തള്ളി.

മെറ്റയ്ക്ക് പുറമെ ഗൂഗിള്‍, യൂട്യൂബ്, എക്‌സ്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളും സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകളും മൂന്ന് ദിവസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.

ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള സേഫ് ഹാര്‍ബര്‍ പരിരക്ഷ പിന്‍വലിച്ചാല്‍, ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് ക്രിമിനല്‍ കേസുകളും എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇതിനിടെ മെറ്റയ്ക്കും ഗൂഗിളനുമെതിരെ വ്യത്യസ്ത കുറ്റങ്ങളില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പു നടത്താന്‍ സാധ്യതയുള്ള ഫിനാന്‍ഷ്യല്‍ ആപ്പുകള്‍ ഹോസ്റ്റു ചെയ്യുന്നതായാണ് ഗൂഗിളിനെതിരെയുള്ള കേസ്. പ്രധാനമന്ത്രിയുടെ വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തിലാണ് മെറ്റക്കെതിരെ കേസെടുത്തത്.

News Now

Summary

Apologise or face action: House panel's 3-day ultimatum to Mark Zuckerberg on PM video row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates