രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് ബാര്‍ അസോസിയേഷന്‍; ചമ്പത്‌ റായ്‌യോട് അയോധ്യ വിടാന്‍ നിര്‍ദേശം

എട്ട് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്

ayodhya fund case
Ayodhya Bar asks Champat Rai to leave town
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :29 ജൂൺ 2026, 9:04 pm IST

അയോധ്യ: രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ അറസ്റ്റിലായവര്‍ക്കുവേണ്ടി ഒരു അഭിഭാഷകനും ഹാജരാകില്ലെന്ന് ഫൈസാബാദ് ബാര്‍ അസോസിയേഷന്‍ ഏകകണ്ഠമായി തീരുമാനിച്ചു. ആരോപണവിധേയരായ ചമ്പത്‌ റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ അയോധ്യ വിടണമെന്നും സംഘടന ആവശ്യപ്പെട്ടു. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായിരുന്നു ഇവര്‍. അയോധ്യ വിട്ടുപോയില്ലെങ്കില്‍ പ്രതിഷേധവും ഉപരോധവും സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് അഭിഭാഷകര്‍ പ്രതികള്‍ക്കായി ഹാജരാകേണ്ടെന്ന തീരുമാനമെടുത്തത്. ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രതിഷേധ വികാരത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏതെങ്കിലും അഭിഭാഷകന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അപേക്ഷ നല്‍കുകയും ഓരോ പ്രതിക്കുമായി അഞ്ച് ലക്ഷം രൂപ വീതം അസോസിയേഷനില്‍ നിക്ഷേപിക്കുകയും വേണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കലിക പ്രസാദ് മിശ്ര പറഞ്ഞു. കേസിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായിരിക്കും ഈ തുക ഉപയോഗിക്കുക.

ചമ്പത്‌ റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ടവരാണെങ്കിലും ഇവരുടെ പേരുകള്‍ ഇതുവരെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെടുമെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ഇതിനായി ആദ്യം പൊലീസിനെ സമീപിക്കുമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി. കൂടാതെ, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെയും. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെയും സമീപിക്കാന്‍ തീരുമാനമായി.

സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുകയും എണ്ണുകയും ചെയ്ത സംഘത്തില്‍പ്പെട്ട എട്ട് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ രാമക്ഷേത്രത്തിന്റെ പ്രധാന ഗേറ്റ് അടച്ചിരിക്കുകയാണ്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു.

News Now

Summary

Ayodhya Bar asks Champat Rai to leave town, won't defend Ram temple theft accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates