'ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം'; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍

'ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കുള്ള യാത്രാ നിയമങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിക്കുന്ന തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളില്‍ ബോര്‍ഡ് അതീവ ആശങ്ക രേഖപ്പെടുത്തുന്നു

 Nepal
Nepal FILE
Edited by :ആതിര അഗസ്റ്റിന്‍
Last Updated :13 മേയ് 2026, 5:51 pm IST

കാഠ്മണ്ഡു: നേപ്പാളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രാജ്യം. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നേപ്പാളിന്റെ ടൂറിസം ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ സന്ദര്‍ശനം കുറയ്ക്കാന്‍ നേപ്പാള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ടൂറിസം വകുപ്പ്.

നേപ്പാള്‍ ടൂറിസം ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെ: 'ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കുള്ള യാത്രാ നിയമങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിക്കുന്ന തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളില്‍ ബോര്‍ഡ് അതീവ ആശങ്ക രേഖപ്പെടുത്തുന്നു. അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയെന്നും, താമസം 30 ദിവസമായി പരിമിതപ്പെടുത്തിയെന്നും, കാലാവധി കഴിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടെന്നും പറയുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണ്.

ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ താമസ കാലയളവ് നിയന്ത്രിക്കുന്ന പുതിയ നയങ്ങളൊന്നും നേപ്പാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാലമായുള്ള തുറന്ന അതിര്‍ത്തി സംവിധാനത്തിലോ ഉഭയകക്ഷി ധാരണകളിലോ മാറ്റം വരുത്തിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സാംസ്‌കാരിക ഇഴയടുപ്പവും ടൂറിസം സഹകരണവും മാറ്റമില്ലാതെ തുടരുന്നതായും പ്രസ്താവനയില്‍ പറയുന്നു.

സ്വകാര്യ വാഹനങ്ങളില്‍ റോഡ് മാര്‍ഗ്ഗം നേപ്പാളില്‍ എത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്കും മറ്റ് അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. ധനമന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റംസ് വകുപ്പ് വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം വഴി, നേപ്പാളിലേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക എന്‍ട്രി പെര്‍മിറ്റുകളും നികുതി പേയ്‌മെന്റുകളും പൂര്‍ണ്ണമായും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും അതിര്‍ത്തിയിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കാനും വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്, നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു.

ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് നേപ്പാള്‍ സുരക്ഷിതവും സൗഹൃദപരവുമായ ഇടമാണെന്ന് ബോര്‍ഡ് ആവര്‍ത്തിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദവും സഹകരണവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, സുഗമമായ അതിര്‍ത്തി യാത്രയും സുസ്ഥിരമായ ടൂറിസവും പ്രോത്സാഹിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന വ്യക്തമാക്കി.

News Now

Summary

"Baseless": Nepal On Reports Of New Restrictions On Indian Tourists

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates