'നാളെ അറിയാം'; എംഎല്‍എമാരുടെ യോഗത്തില്‍ നിലപാട് പ്രഖ്യാപിക്കാന്‍ നിതീഷ്, പിന്തുണച്ച് ഇടത് പാര്‍ട്ടികളും, ബിജെപി ക്യാമ്പില്‍ അടിയന്തര യോഗം

ബിഹാറില്‍ ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും

നിതീഷ് കുമാര്‍ പ്രധാനമന്ത്രി മോദിക്കൊപ്പം/ പിടിഐ
Last Updated :20 January 2024, 9:05 am IST
Edited by :migrator


പട്‌ന: ബിഹാറില്‍ ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. നാളെ  ചേരുന്ന പാര്‍ട്ടി എംപിമാരുടേയും എംഎല്‍എമാരുടേയും യോഗത്തില്‍ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബിജെപിയുമായുള്ള സഖ്യം അവസാനിച്ച അവസ്ഥയിലാണെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, സാഹചര്യം വിലയിരുത്താനായി ബിജെപി നേതാക്കള്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. 

ബിജെപി ബന്ധം ഉപേക്ഷിച്ച് എത്തുകയാണെങ്കില്‍ നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും നിതീഷ് ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സോണിയയുമായി നിതീഷ് ചര്‍ച്ച നടത്തിയ വിവരം അറിയില്ലെന്നും കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളെയും പട്‌നയില്‍ വിളിച്ചു വരുത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷികളായ ഇടതു പാര്‍ട്ടികളും നിതീഷിനെ സ്വാഗതം ചെയ്തു. പുതിയ സഖ്യത്തിന് തയ്യാറാണെന്ന് സിപിഐയും സിപിഐഎംഎലും സിപിഎമ്മും പ്രതികരിച്ചു. 

ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് 2017ല്‍ ജെഡിയു ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ുണ്ടാക്കിയത് മുതല്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാണ്. ജെഡിയുവിനെക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടായിട്ടും 2020ല്‍ ബിജെപി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിരുന്നു. എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചുട്ടുണ്ടെന്നാണ് ജെഡിയു ഇപ്പോള്‍ ആരോപിക്കുന്നത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രയോഗിച്ച അതേ നീക്കം ബിഹാറിലും പ്രയോഗിക്കുകയാണ് എന്നാണ് ആരോപണം.

ബിഹാര്‍ സീറ്റ് നില

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.

ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തു. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

ഒവൈസിയുടെ എഐംഐഎമ്മിന്റെ അഞ്ചില്‍ നാല് എംഎല്‍എമാര്‍ നേരത്തെ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുണ്ട്. 43 സീറ്റാണ് ജെഡിയുവിനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now