മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം

ബിജെപി പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം/പിടിഐ
Last Updated :20 January 2024, 9:17 am IST

News Now

ന്യൂഡല്‍ഹി: മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം. ത്രിപുരയിലും നാഗാലന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തി. മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 60 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. സിപിഎം- കോണ്‍ഗ്രസ് സഖ്യം 14 സീറ്റിലൊതുങ്ങി. തിപ്രമോത പാര്‍ട്ടി 12 സീറ്റ് നേടി നിര്‍ണ്ണായക ശക്തിയായി.  11 സീറ്റുകളിലാണ് സിപിഎം ലീഡ് ചെയ്യുന്നത്. 3 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ബിജെപി ആയിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം റൗണ്ടില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം മുന്നേറിയെങ്കിലും പിന്നീട് ലീഡ് നില താഴേക്കു പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ അഞ്ച് സീറ്റുകള്‍ നഷ്ടമായി. 2018ല്‍ പൂജ്യത്തിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേടി. പ്രദ്യുദ് ദേബ് ബര്‍മ്മന്റെ തിപ്ര മോത ഗോത്ര വര്‍ഗ മേഖലകളില്‍ നിര്‍ണായക ശക്തിയായതാണ് സിപിഎമ്മിന് തിരിച്ചടിയായത്. 

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിപിപി 26ലും ബിജെപി 12 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍പിപിഎഫ് നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാനായില്ല. ഏഴു സീറ്റുകളില്‍ എന്‍സിപിയും ഒരു സീറ്റില്‍ ജെഡിയുവും ലീഡ് ചെയ്യുന്നുണ്ട്. 

മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്. എന്‍പിപി 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. യുഡിപി 10, വിപിപി 4, എച്ച്എസ്പിഡിപി 2, പിഡിഎഫ് 2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. രണ്ട് സ്വതന്ത്രന്‍മാരും ലീഡ് ചെയ്യുന്നുണ്ട്. 59 സീറ്റുകളുള്ള മേഘാലയയില്‍ 30 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates