മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്‌ളെയ്ക്കും കാരണം കാണിക്കൽ നോട്ടീസ്

sanjay raut
സഞ്ജയ് റാവത്ത് Source by : ഫയൽ
Last Updated :16 October 2026, 1:20 pm IST
Guest Author :Damodaran K

News Now

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനും ജുഡീഷ്യറിക്കുമെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ശിവസേന (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്. തങ്ങൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്തിനും മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്‌ളെയ്ക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ചത്. അതേസമയം, കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇരുവരെയും ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. അറ്റോർണി ജനറലിന്റെ രേഖാമൂലമുള്ള അനുമതിയോടെയാണ് ബാർ അസോസിയേഷൻ കോടതിയെ സമീപിച്ചത്.

ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമെന്ന് സോളിസിറ്റർ ജനറൽ

ഇത്തരം അധിക്ഷേപകരമായ പ്രസ്താവനകൾ അവഗണിച്ചാൽ കൂടുതൽ പേർ ഇത് ആവർത്തിക്കാൻ ഇടയുണ്ടെന്ന് ഹർജി നൽകിയ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ പ്രദീപ് റായ് ചൂണ്ടിക്കാട്ടി. ബാർ അസോസിയേഷന്റെ ഹർജിയെ പിന്തുണച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കോടതിയെ ഭയപ്പെടുത്താനും അനാവശ്യ സമ്മർദ്ദത്തിലാക്കാനും ബോധപൂർവ്വം നടത്തുന്ന നീക്കമാണിതെന്ന് വാദിച്ചു. എന്നാൽ കോടതിയെ സമ്മർദ്ദത്തിലാക്കാമെന്നത് ചിലരുടെ തെറ്റായ ധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോടതികൾ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിരീക്ഷിച്ചു. എന്നിട്ടും കോടതിയെ തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്നും എല്ലാവർക്കും നല്ല വിവേകം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഖേദപ്രകടനവും

ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘത്തെ കാണാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചതിന് പിന്നാലെയാണ് റാവത്തും വാഗ്‌ളെയും പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർ ഭരണകക്ഷിയുടെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും മുഖ്യമന്ത്രിമാർ നൽകുന്ന വിരുന്നുകൾ സ്വീകരിക്കുന്നുവെന്നും റാവത്ത് ആരോപിച്ചിരുന്നു. ജഡ്ജിമാർ ലണ്ടനിൽ രാഷ്ട്രീയ നേതാക്കൾക്കൊപ്പം ബാഡ്മിന്റൺ കളിച്ചുവെന്ന തെറ്റായ ആരോപണവും ഉന്നയിച്ചു. സോഷ്യൽ മീഡിയയിലൂടെ ചീഫ് ജസ്റ്റിസിനെതിരെ നിഖിൽ വാഗ്‌ളെ അത്യന്തം മോശമായ പദപ്രയോഗവും നടത്തിയിരുന്നു.

എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് നിഖിൽ വാഗ്‌ളെ നിരുപാധികം മാപ്പ് പറഞ്ഞു. സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തിയെന്ന വികാരമുണ്ടെങ്കിൽ താൻ അതിൽ ഖേദിക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും സഞ്ജയ് റാവത്തും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വോട്ടർപട്ടിക ഹർജിയിലെ സഞ്ജയ് റാവുത്തിന്റെ ഭാഗത്തിന് ഉപാധി

ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനും ജുഡീഷ്യറിക്കുമെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയ്‌ക്കെതിരെ ഇന്ത്യ മുന്നണി നേതാക്കൾ സംയുക്തമായി നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിയിലെ ആറാം ഹർജിക്കാരനായ സഞ്ജയ് റാവത്തിന്റെ ഭാഗം താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമാണ് ഫയലിൽ സ്വീകരിക്കുന്നതെന്നും, കോടതിയെയും ജഡ്ജിമാരെയും കുറിച്ച് നടത്തിയ പരസ്യ പരാമർശങ്ങളിൽ അദ്ദേഹം വിശദീകരണം നൽകുന്നതിന് വിധേയമായിട്ടായിരിക്കും ഇതെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

Summary

The Supreme Court issued show-cause notices for criminal contempt to Shiv Sena (UBT) Rajya Sabha MP Sanjay Raut and journalist Nikhil Wagle over scandalous remarks against Chief Justice of India Surya Kant and the judiciary, following a petition filed by the Supreme Court Bar Association (SCBA) with the Attorney General's consent, while dispensing with their personal appearance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates