'നിങ്ങളുടെ ബീജത്തില്‍ ഭാര്യ പ്രസവിക്കുന്നതിലാണോ അതോ ഒരു ദാതാവില്‍ നിന്ന് കുഞ്ഞുണ്ടാകുന്നതാണോ പ്രശ്‌നം?' ഭര്‍ത്താവിനോട് മറുപടി ആരാഞ്ഞ് കോടതി

സൂക്ഷിച്ചുവെച്ചിരിക്കുന്ന ബീജം ഐ.വി.എഫ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ജൂലൈ 28-ന് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് വ്യക്തമാക്കി.

Pregnant women
Pregnant women file
Edited by :ആതിര അഗസ്റ്റിന്‍
Last Updated :4 ഓഗസ്റ്റ് 2026, 3:34 pm IST

ബംഗളൂരു: ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ, വിവാഹിതയായ ഒരു സ്ത്രീക്ക് മാതൃത്വത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനായി, ഗര്‍ഭം ധരിക്കാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി. ഐ.വി.എഫ് ചികിത്സ വഴി കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാണ് ഒരു സ്ത്രീ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയും ഭര്‍ത്താവും തങ്ങളുടെ അണ്ഡവും ബീജവും ഒരു ഐവിഎഎഫ് ക്ലിനിക്കില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ന്ന് ഇതുപയോഗിച്ച് ഗര്‍ഭിണിയാകണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചത്.

സൂക്ഷിച്ചുവെച്ചിരിക്കുന്ന ബീജം ഐ.വി.എഫ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ജൂലൈ 28-ന് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് വ്യക്തമാക്കി. എങ്കിലും ദാതാവിന്റെ ബീജം ഉപയോഗിച്ച് ബദല്‍ മാര്‍ഗങ്ങളിലൂടെ ഗര്‍ഭധാരണം നടത്തി ഭാര്യയുടെ മാതൃത്വത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോയെന്ന് ശ്രമിക്കാമെന്നും കോടതി വ്യക്തമാക്കി. വിഷയത്തെ കേവലം സാങ്കേതികമായി സമീപിക്കാന്‍ കഴിയില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും വഴി കണ്ടെത്തി നല്‍കാനും ശ്രമിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഏഴെട്ട് തവണ ഐ.വി.എഫ് ചികിത്സയ്ക്ക് വിധേയരായിരുന്നു. ഭര്‍ത്താവിന് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ടെങ്കിലും, ഹര്‍ജിക്കാരിക്ക് കുട്ടികളില്ല. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ട്ട്) ആക്ട്, 2021 പ്രകാരം ഭര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധമായതിനാലും, കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് സമ്മതം പിന്‍വലിച്ചതിനാലും ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ വിവാഹമോചന നടപടികള്‍ വര്‍ഷങ്ങളോളം നീണ്ടുപോയേക്കാമെന്നും തനിക്ക് സമയനഷ്ടമാണ് ഉണ്ടാകുന്നതെന്നും ഹര്‍ജിക്കാരി വാദിച്ചു.

തന്റെ ബീജം നല്‍കാന്‍ ഭര്‍ത്താവ് തയ്യാറല്ലെങ്കില്‍, മറ്റൊരാളുടെ ബീജം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെയും ഭര്‍ത്താവ് എതിര്‍ത്തു.

തുടര്‍ന്ന്, 'നിങ്ങളുടെ ബീജം ഉപയോഗിച്ച് ഭാര്യ പ്രസവിക്കുന്നതിലാണോ അതോ ഒരു ദാതാവില്‍ നിന്ന് കുഞ്ഞുണ്ടാകുന്നതിലാണോ നിങ്ങള്‍ക്ക് പ്രശ്‌നം?' എന്ന് ജസ്റ്റിസ് ഗോവിന്ദരാജ് ഭര്‍ത്താവിനോട് ചോദിച്ചു. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ദാതാവിലൂടെ ഗര്‍ഭം ധരിക്കാന്‍ ഭാര്യയെ അനുവദിക്കുകയാണെങ്കില്‍, ജനിക്കുന്ന കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ ജീവനാംശ ബാധ്യതകളില്‍ നിന്നും ഭര്‍ത്താവിനെ പൂര്‍ണ്ണമായി ഒഴിവാക്കാമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ആലോചിച്ച് മറുപടി പറയാമെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. നിയമപ്രകാരം രണ്ടുവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് മാത്രമേ ഐ.വി.എഫ് ചികിത്സയ്ക്ക് അര്‍ഹതയുള്ളൂ. ഒന്ന് ദമ്പതികള്‍ക്ക്, രണ്ട് പ്രത്യേക സാഹചര്യങ്ങളിലുള്ള അര്‍ഹരായ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും. ഇരുവരും ഇപ്പോഴും നിയമപരമായി വിവാഹിതരായതിനാല്‍, നിയമപരമായ ചട്ടക്കൂടിന് പുറത്തുപോയി മറ്റൊരു ദാതാവിന്റെ സഹായത്തോടെ ഐ.വി.എഫ് ചികിത്സ തേടാന്‍ ഹര്‍ജിക്കാരിക്ക് തനിയെ സാധിക്കില്ല. നിയമപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നം സൗഹാര്‍ദപരമായി പരിഹരിക്കാനുള്ള സാധ്യതകള്‍ തേടാന്‍ ഒടുവില്‍ കോടതി ഇരുകൂട്ടരോടും നിര്‍ദേശിച്ചു. കേസ് മറ്റൊരു തിയതിയില്‍ വീണ്ടും പരിഗണിക്കും.

News Now

Summary

Can woman use donor sperm to conceive child sans estranged husband's consent? Karnataka HC asks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates