സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; തട്ടിയത് ലക്ഷങ്ങൾ; യുവാവിനെ കൊന്ന് കുഴിച്ചുമൂടി പെൺകുട്ടികൾ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കൊന്നു കുഴിച്ചു മൂടി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ റെഡ്ഹിൽസിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെൺകുട്ടികൾ യുവാവിനെ കൊന്നത്.

കോളജ് വിദ്യാർഥിയായ പ്രേംകുമാർ ആണു കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ കൈക്കലാക്കി. ശല്യം സഹിക്കാൻ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികൾ പണം നൽകാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. 

സംഭവം നടന്ന സ്ഥലത്ത് രക്തക്കറ കണ്ട ​ഗ്രാമത്തിലെ കർഷകരാണ് പൊലീസിൽ വിവരം നൽകിയത്. പിന്നാലെ പ്രേംകുമാറിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലയുടെ ചുരുളഴിഞ്ഞത്. 

പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.