ശ്രീരാമനെ ആരാധിക്കാനുള്ള മന്ത്രങ്ങള്‍ അറിയാമോ?; അയോധ്യ രാമക്ഷേത്ര പൂജാരിയാവാന്‍  3000 അപേക്ഷകര്‍

20 പേര്‍ക്കാണ് നിയമനം ലഭിക്കുക. അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് അഭിമുഖം ആരംഭിച്ചു കഴിഞ്ഞു. 

നിര്‍മാണത്തിലിരിക്കുന്ന അയോധ്യ ക്ഷേത്രം/ പിടിഐ
Last Updated :20 January 2024, 9:27 am IST

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 3000 ത്തോളം പേര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ ഇന്റര്‍വ്യൂന് തെരഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക. അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് അഭിമുഖം ആരംഭിച്ചു കഴിഞ്ഞു. 

സന്ധ്യാ വന്ദനം എന്താണ്? അതിന്റെ നടപടിക്രമങ്ങളും മന്ത്രങ്ങളും എന്തൊക്കെയാണ്? ശ്രീരാമനെ ആരാധിക്കുന്നതിനുള്ള മന്ത്രങ്ങള്‍ എന്തൊക്കെയാണ്? അതിനുള്ള കര്‍മ കാണ്ഡം എന്താണ്? തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിക്കുന്നതെന്നാണ് വിവരം. 

അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് ആറ് മാസത്തെ പരിശീലനം നല്‍കും. തുടര്‍ന്ന് പൂജാരിമാരുടെ വിവിധ തസ്തികകളില്‍ നിയോഗിക്കും. അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.  അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. വിവിധ മത പണ്ഡിതരും, സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശീലനം. പരിശീലന വേളയില്‍ സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്റ്റൈപ്പന്‍ഡും നല്‍കും. 

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷ നല്‍കിയ 3000 ത്തോളം പേരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ ആണ് അഭിമുഖത്തിനായി 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്. 

മൂന്നംഗ സമിതിയാണ് അഭിമുഖം നടത്തുന്നത്. വൃന്ദാവനത്തില്‍ നിന്നുള്ള ഹിന്ദു മത പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now