'അതൊന്നും വിശ്വസിക്കരുത്'; വാക്‌സിന്‍ പരീക്ഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല: ഹര്‍ഷവര്‍ധന്‍ 

കോവിഡ് വാക്‌സിന് എതിരായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ജനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ  അഭ്യര്‍ഥന

കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ / എഎന്‍ഐ
Last Updated :20 January 2024, 8:38 am IST

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് എതിരായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ജനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ  അഭ്യര്‍ഥന. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

ഡല്‍ഹിയിലെ വാക്‌സിന്‍ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു, കേന്ദ്ര ആരോഗ്യമന്ത്രി. ''ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും വിശ്വസിക്കരുത്. വാക്‌സിന്‍ പരീക്ഷണത്തില്‍ നമ്മുടെ പ്രഥമ പരിഗണന സുരക്ഷയും ഫലപ്രാപ്തിക്കും ആയിരുന്നു. അതില്‍ ഒരുവിധ വിട്ടുവീഴ്ചയും ചെയ്തിട്ടില്ല''- ഹര്‍ഷവര്‍ധന്‍ വിശദീകരിച്ചു.

''പോളിയോ വാകസിന് എതിരെയും പ്രചാരണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ജനങ്ങള്‍ അതിനു ചെവികൊടുത്തില്ല, അവര്‍ വാക്‌സിന്‍ സ്വീകരിച്ചു. അതുകൊണ്ടു രാജ്യം ഇപ്പോള്‍ പോളിയോ മുക്തമായി''- ഹര്‍ഷവര്‍ധന്‍ ചൂണ്ടിക്കാട്ടി. 

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനകയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സിനാണ് ഇന്ത്യയില്‍ അനുമതിക്കു ശുപാര്‍ശയായിട്ടുള്ളത്. വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള വിദഗ്ധ സമിതിയുടെ  ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഉടന്‍ പരിഗണിക്കും. 

ബുധനാഴ്ച മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങുമെന്നാണ് സൂചനകള്‍. അതിനായാണ് ഇന്നു ഡ്രൈ റണ്‍ നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now