'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാർഥികൾക്കെതിരായ അതിക്രമത്തിൽ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു

Rahul Gandhi, Amit Shah
അമിത് ഷായ്ക്കെതിരെ രാഹുൽ​ഗാന്ധി
Edited by :Jayakumar
Last Updated :29 ജൂലൈ 2026, 8:23 pm IST

ന്യുഡല്‍ഹി: സമരം ചെയ്ത വിദ്യാര്‍ഥികളെ ഡല്‍ഹി പൊലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. അമിത് ഷായ്‌ക്കെതിരെ പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാപ്പു പറയില്ലെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിമനു നേര്‍ക്കുണ്ടായ പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ലോക്സഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിച്ചു. വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടപടിക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയതായി രാഹുല്‍ ആരോപിച്ചു.

പാര്‍ലമെന്റില്‍ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നതും, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ കോള്‍ തുരുതുരാ വരുന്നതും താന്‍ കണ്ടുവെന്ന് രാഹുല്‍ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം അറിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹം കഴിവുകെട്ടവനാണ്. അമിത് ഷായെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ മാപ്പു പറഞ്ഞാല്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാമെന്നാണ് പറയുന്നത്. എന്നാല്‍ ഒരിക്കലും ബിജെപിയോടും ആര്‍എസ്എസിനോടും മാപ്പു പറയില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല. അതേസമയം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രാജ്‌നാഥ് സിങിനും പലതവണ സംസാരിക്കാന്‍ അനുമതി നല്‍കി. കുട്ടികള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്. പെല്ലറ്റ് ഗണ്‍ പ്രയോഗമേറ്റ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. ആര്‍എസ്എസുകാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തു നിന്നും മാറ്റണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരാളെപ്പോലും ഇതുവരെയും ശിക്ഷിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് പത്തുവര്‍ഷം ശിക്ഷ കൊടുക്കുകയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

News Now

Summary

'Either Shah ordered it or he's incompetent': Rahul Gandhi repeats charge over police action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates