പശ്ചിമ ബംഗാളിൽ 7 ലക്ഷം വോട്ടർമാരെ കൂട്ടിച്ചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആവശ്യമെങ്കിൽ കണക്ക് പുറത്തുവിടും

3.22 ലക്ഷം പേർ ആദ്യഘട്ടത്തിലും 3.88 ലക്ഷം പേർ രണ്ടാം ഘട്ടത്തിലും വോട്ടുചെയ്യും

West Bengal Assembly Elections 2026
പ്രതീകാത്മക ചിത്രംAI
Edited by :ചന്ദ്ര സ്വസ്തി
Last Updated :19 ഏപ്രിൽ 2026, 1:42 pm IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ ഏഴുലക്ഷം വോട്ടർമാരെ കൂട്ടിച്ചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിശദമായ ജനസംഖ്യാ കണക്കുകൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

പുതുതായി പേരു ചേർത്ത വോട്ടർമാരിൽ 3.22 ലക്ഷം പേർ ആദ്യഘട്ടത്തിലും 3.88 ലക്ഷം പേർ രണ്ടാം ഘട്ടത്തിലും വോട്ടുചെയ്യും. ഇതിൽ അടുത്തിടെ 18 വയസ്സ് പൂർത്തിയാക്കിയവർ എത്രപേരുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

വോട്ടർപട്ടികയിൽ പുതുതായി കൂട്ടിച്ചേർത്തവരുടെ ആകെ കണക്കുകൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളതെന്നും വിശദമായ വിവരം സൂക്ഷിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ കണക്കുകൾ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഉപയോഗിച്ച ഫോം-6 അപേക്ഷകളുടെ കണക്കുകളും നിരസിച്ച അപേക്ഷകരുടെ എണ്ണവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏഴു ലക്ഷം പുതിയ വോട്ടർമാരിൽ എത്ര പുരുഷന്മാരും എത്ര സ്ത്രീകളുമുണ്ടെന്നതും വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച തീവ്രപരിഷ്കരണ റിപ്പോർട്ട് ( എസ്ഐആർ) പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെയെണ്ണം 6,82,51,008 ആണ്. പശ്ചിമ ബംഗാളിലെ വോട്ടർമാരിൽ 10.9 ശതമാനം കുറവാണ് പുതിയ കണക്കുകൾ പ്രകാരം ഉണ്ടായിരിക്കുന്നത്. 91 ലക്ഷംപേരാണ് വോട്ടർപട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടത്. സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറവ് വോട്ടർകണക്കാണിത്. ഏപ്രിൽ 23 ന് ബംഗാളിൽ ആദ്യഘട്ട വോട്ടിങ്ങും ഏപ്രിൽ 29 ന് രണ്ടാംഘട്ട പോളിങ്ങും നടക്കും.

News Now

Summary

Election Commission adds around 7 lakh new voters ahead of West Bengal Assembly Elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates