ആറാം വിവാഹത്തിനൊരുങ്ങി മുന്‍ മന്ത്രി ; പരാതിയുമായി പൊലീസിനെ സമീപിച്ച് മൂന്നാം ഭാര്യ

പൊലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ച് നഗ്മ സോഷ്യല്‍ മീഡിയയിലും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

ആഗ്ര : ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. യുപി മുന്‍മന്ത്രി ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിക്കെതിരെ ആഗ്ര മണ്ഡോല സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 

ശെയിഷ്ഠ എന്ന യുവതിയെ ചൗധരി ബഷീര്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന വിവരം അറിഞ്ഞ് നഗ്മ, ഭര്‍ത്താവിന്റെ വീട്ടിലെത്തി. വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുക ലക്ഷ്യമിട്ടാണ് യുവതി എത്തിയത്. എന്നാല്‍ ബഷീര്‍ യുവതിയെ വീട്ടില്‍ നിന്നും പുറത്താക്കുകയും മുത്തലാഖ് ചൊല്ലിയതായും നഗ്മ പറയുന്നു. 

ഇതേത്തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 2012 നവംബര്‍ 11 നാണ് ചൗധരി ബഷീര്‍ നഗ്മയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന് നഗ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. 

പൊലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ച് നഗ്മ സോഷ്യല്‍ മീഡിയയിലും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നഗ്മയ്ക്കും ചൗധരി ബഷീറിനും രണ്ട് മക്കളുണ്ട്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ചൗധരി ബഷീര്‍. പിന്നീട് ബിഎസ്പി വിട്ട് അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now