ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം; മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ വേണം

ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ് അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി.

FSSAI proposes red warning labels for packaged foods
FSSAI proposes red warning labels for packaged foodsFILE
Edited by :Dhanoj AM
Last Updated :30 ഓഗസ്റ്റ് 2026, 9:11 am IST

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ് അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായി പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗന്‍ ആകൃതിയില്‍ മുന്നറിയിപ്പ് എംബ്ലം നല്‍കണമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.

ഐസിഎംആര്‍-എന്‍ഐഎന്‍ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയാണ് ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയര്‍ന്ന അളവ് കണക്കാക്കുക. ശീതളപാനീയങ്ങളിലടക്കം ഉയര്‍ന്ന അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ ഉണ്ടെങ്കില്‍ റെഡ് വാണിങ് ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

പാക്കറ്റില്‍ പോഷക വിവരങ്ങള്‍ നല്‍കുന്ന അക്ഷരങ്ങളെക്കാള്‍ ഒരു പോയിന്റ് വലിയ അക്ഷരത്തില്‍ മുന്നറിയിപ്പ് നല്‍കണം. ഭക്ഷ്യകമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ചേരുവകകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താക്കള്‍ക്ക് പുതിയ മാറ്റവുമായി പൊരുത്തപ്പെടാനും സമയം നല്‍കുന്നതിനായി ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക.

നെയ്, പാചകയെണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയ പാക്കറ്റ് ഉല്‍പ്പന്നങ്ങളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ കൊഴുപ്പോ മധുരമോ ഉപ്പോ കൂടുതലുള്ള ഒറ്റ ചേരുവ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇളവ്. മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ സത്യവാങ്മൂലം.

News Now

Summary

FSSAI proposes red warning labels for packaged foods high in salt, sugar, fat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates