ജലാറ്റിൻ സ്റ്റിക്ക് ഘടിപ്പിച്ച് ഭാര്യയെ പുണർന്നു; വൻ പൊട്ടിത്തെറി; ​​ദമ്പതികൾക്ക് ദാരുണാന്ത്യം

ജലാറ്റിൻ സ്റ്റിക്ക് ഘടിപ്പിച്ച് ഭാര്യയെ പുണർന്നു; വൻ പൊട്ടിത്തെറി; ​​ദമ്പതികൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

അഹമ്മദാബാദ്: അകന്നു കഴിയുന്ന ഭാര്യയെ ജലാറ്റിൻ സ്റ്റിക്ക് ഉപയോഗിച്ച് ഭർത്താവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ആരവല്ലി സ്വദേശിയായ ലാല പാഗി (45), ഭാര്യ ശ്രദ്ധ എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ചത്.

ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് ശ്രദ്ധ ലാല പാ​ഗിയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനെന്ന പേരിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിന് ഇയാൾ ശ്രദ്ധയുടെ വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ ഇയാൾ ശ്രദ്ധയെ കടന്നു പിടിക്കുകയായിരുന്നു. ഭാര്യയെ നെഞ്ചോട് ചേർത്ത് ശക്തമായി ആലിംഗനം ചെയ്തതോടെ സ്‍ഫോടക വസ്തു പൊട്ടിത്തെറിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇരുവരും മരിച്ചെന്നു പൊലീസ് പറഞ്ഞു.

ഒന്നര മാസമായി ലാല പാഗിയിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു ശ്രദ്ധ. ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. മീൻപിടിക്കാനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് പാഗി ശരീരത്തിൽ കെട്ടിവച്ചത്. മീൻപിടിത്തക്കാരുടെ പക്കൽ നിന്നു വാങ്ങിയ ശേഷം ഇതിന്റെ ഉപയോഗത്തെക്കുറിച്ച് മനസിലാക്കുകയായിരുന്നു.

പാഗിയിൽ നിന്നും വീട്ടുകാരിൽ നിന്നുമുള്ള പീഡനങ്ങൾ സഹിക്കാതെ വന്നപ്പോഴാണ് ശ്രദ്ധ സ്വന്തം വീട്ടിൽ അഭയം പ്രാപിച്ചതെന്നു സഹോദരൻ പൊലീസിനോട് പറഞ്ഞു. ഇവർക്ക് 21 വയസുള്ള മകനുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now