ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം: ആറുപേരെ തിരിച്ചറിഞ്ഞു; പ്രതികളിലൊരാള്‍ മലയാളിപ്പെണ്‍കുട്ടി

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ക്ലബ്ബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരെ  വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ അന്വേഷണം കേരളത്തിലേക്ക്. പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടിയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിനിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

പെണ്‍കുട്ടിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ലക്‌നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിന്  നോട്ടീസ് നല്‍കിയിരുന്നു. 

സമാനമായ മറ്റൊരു കേസില്‍ മുംബൈ പൊലീസ് കഴിഞ്ഞദിവസം മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ക്ലബ് ഹൗസിലെ ചാറ്റിങ്ങിനിടെ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവാദ ചാറ്റിന്റെ സംഘാടകരുടെ വിവരങ്ങള്‍ ക്ലബ്ബ് ഹൗസ്, ഗൂഗിള്‍ എന്നീ കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
 

News Now