വീട്ടില്‍ പോകാന്‍ വാശിപിടിച്ചു; ഭര്‍ത്താവ് 25കാരിയുടെ മൂക്ക് മുറിച്ചു; അറസ്റ്റ്

മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ മൂക്ക് മുറിച്ചു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

ജോഥ്പൂര്‍: മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ മൂക്ക് മുറിച്ചു. രാജസ്ഥാനിലെ ജോഥ്പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ ജാന്‍വാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

മാതാപിതാക്കളെ സന്ദര്‍ശിക്കണമെന്ന ഭാര്യയുടെ നിരന്തരമായ ആവശ്യത്തില്‍ പ്രകോപിതനായ ഭര്‍ത്താവ് യുവതിയുടെ മൂക്ക് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 25കാരി പൂനം ദേവിയുടെ മൂക്കാണ് ഭര്‍ത്താവ് ഭൂമാ രാം മുറിച്ചുകളഞ്ഞത്. ജാന്‍വാര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള ലുനവാസ് ഗ്രാമത്തിലാണ് സംഭവം. 

വീട്ടില്‍ പോകുന്നതിനെ ചൊല്ലി ബുധനാഴ്ച ഇരുവരും വഴക്കിട്ടു. കുറച്ച് ദിവസം കഴിഞ്ഞ് തനിക്കൊപ്പം പോകാമെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ യുവതി തയ്യാറായില്ല. വഴക്കിനൊടുവില്‍ യുവാവ് ഭാര്യയുടെ മൂക്ക് മുറിക്കുകയാരുന്നെന്ന് സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അവര്‍ ഇക്കാര്യം യുവതിയുടെ സഹോദരനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. സഹോദരന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെയും ചെറിയ ചെറിയ കാര്യങ്ങള്‍ക്കായി ഇയാള്‍ സഹോദരിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായി സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now