അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈൽ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 8:59 am IST

News Now

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ വീണത് ഇന്ത്യ വിക്ഷേപിച്ച മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്ന് ഇന്ത്യ വിശദീകരിച്ചു. മാർച്ച് ഒൻപതാം തീയതിയാണ് മിസൈൽ വിക്ഷേപിച്ചത്. 

അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈൽ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റർ സർവീസസ് റിലേഷൻസിൻറെ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണതായി അവകാശപ്പെട്ടത്. ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടക വസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്.  

സംഭവത്തിൽ ഇന്ത്യൻ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആർക്കും അപകടമുണ്ടാവാത്തതിൽ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു.