മണിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-മ്യാന്‍മര്‍ ഭൂമി കൈമാറ്റം പരിഗണനയില്‍; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ലക്ഷ്യമിടുന്നത് ലഹരിക്കടത്തും തീവ്രവാദി ഗ്രൂപ്പുകളുടെ കടന്നുകയറ്റവും അവസാനിപ്പിക്കല്‍

randhir jaiswal
രണ്‍ധീര്‍ ജയ്‌സ്വാള്‍File Photo
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :5 ഓഗസ്റ്റ് 2026, 5:58 pm IST

ന്യൂഡല്‍ഹി: മണിപ്പൂര്‍ അതിര്‍ത്തിയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും മ്യാന്‍മറും തമ്മില്‍ പ്രദേശങ്ങള്‍ പരസ്പരം കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം. അതിര്‍ത്തിയില്‍ നിര്‍ണയം പൂര്‍ത്തിയാകാത്ത ചില മേഖലകളുണ്ടെന്നും ഇവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണിപ്പൂര്‍ അതിര്‍ത്തി വഴി ഭൂമി കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പാര്‍ട്ടുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലെ ബോര്‍ഡര്‍ പില്ലര്‍ 65-നും 68-നും ഇടയിലുള്ള 2.8 കിലോമീറ്റര്‍ ദൂരത്തിലെ തര്‍ക്കം പരിഹരിക്കാന്‍, 1.4 ചതുരശ്ര മൈല്‍ ഭൂമി കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അമേരിക്കന്‍ മാഗസിനായ 'ദി ഡിപ്ലോമാറ്റ്' അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേയ് 26ലെ ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.

ഇന്ത്യയും മ്യാന്‍മറും തമ്മില്‍ 1,643 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണുള്ളത്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ അതിര്‍ത്തി കടന്നുപോകുന്നത്. ഇതില്‍ 1,472 കിലോമീറ്റര്‍ ഭാഗത്ത് ബോര്‍ഡര്‍ പില്ലറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മണിപ്പൂരിലെ കബാവ് താഴ്വര ഉള്‍പ്പെടെ 171 കിലോമീറ്റര്‍ ഭാഗത്ത് അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

അതിര്‍ത്തി നിര്‍ണയം വേഗത്തിലാക്കി വേലികെട്ടി അടയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. അനധികൃത കുടിയേറ്റം, വടക്കുകിഴക്കന്‍ തീവ്രവാദി ഗ്രൂപ്പുകളുടെ കടന്നുകയറ്റം, ലഹരിക്കടത്ത്, മറ്റ് അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിനായാണ് അതിര്‍ത്തി വേലി നിര്‍മിക്കുന്നത്. 2024ല്‍ അതിര്‍ത്തി പൂര്‍ണമായി വേലികെട്ടി സംരക്ഷിക്കുമെന്നും, അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വിസയില്ലാതെ യാത്രാനുമതി നല്‍കിയിരുന്ന ഫ്രീ മൂവ്മെന്റ് റജീം റദ്ദാക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഭൂമി കൈമാറ്റ നീക്കത്തിനെതിരെ മണിപ്പൂരില്‍ പ്രതിഷേധമുയരുന്നുണ്ട്. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമി പോലും മ്യാന്‍മറിന് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് മെയ്‌ത്തെ തദ്ദേശീയ സംഘടനകളുടെ കൂട്ടായ്മയായ കോകോമി മുന്നറിയിപ്പ് നല്‍കി. മണിപ്പൂരിന്റെ ഭൂപടത്തിലും അതിര്‍ത്തിയിലും മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ അനുമതിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

2015ല്‍ ബംഗ്ലാദേശുമായി ഇന്ത്യ എല്‍ബിഎ കരാറിലൂടെ 111 എന്‍ക്ലേവുകള്‍ കൈമാറുകയും പകരം 51 എന്‍ക്ലേവുകള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് 41 വര്‍ഷത്തെ അതിര്‍ത്തി തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍, മണിപ്പൂരിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ പുതിയ നീക്കം മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.

News Now

Summary

India to exchange territory with Myanmar? MEA says proposal under discussion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates