2019ലെ ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കന്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കുള്ള ആളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:08 am IST

News Now

ചെന്നൈ: കോയമ്പത്തൂര്‍ കാർ സ്‌ഫോടന കേസില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ചു. ഐഎസ് കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ സ്ഫോടന കേസ് പ്രതികളിൽ ഒരാൾ സന്ദർശിച്ചതായി കണ്ടെത്തി. 

കേസിലെ പ്രതികളിൽ ഒരാളായ ഫിറോസ് ഇസ്മയിൽ എന്നയാളാണ് അതീവ സുരക്ഷാ ജയിലിൽ എത്തിയത്. ഇയാൾ ജയിലിലെത്തി ഐഎസ് ബന്ധമുള്ള മു​ഹമ്മദ് അസ്ഹറുദ്ദീനെയാണ് കണ്ടത്. 2019ലെ ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കന്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കുള്ള ആളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ബന്ധം സംശയിച്ച് 2020ൽ യുഎഇ ഫിറോസിനെ നാടുകടത്തിയിരുന്നു. 

75 കിലോ സ്ഫോടക വസ്തുക്കളും തീവ്രവാദ ലഘു ലേഖകളും പിടിച്ചെടുത്തതായി എൻഐഎ എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട ജമേഷ മുബീനെ മാത്രമാണ് പ്രതിയായി ചേർത്തിട്ടുള്ളത്. 

അതിനിടെ കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്കും എത്തി. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ മന്‍പായിയുടെ വീട്ടില്‍ പരിശോധന നടത്തിയ തമിഴ്‌നാട് പൊലീസ്, അദ്ദേഹത്തെ ചോദ്യം ചെയ്തു. 

തിരുനെല്‍വേലി മേലാപാളയം സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഹുസൈന്‍, മുമ്പ് കുറേക്കാലം കോയമ്പത്തൂരില്‍ ഒരു പള്ളിയിലും ജോലി നോക്കിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒരു ട്രാവല്‍ ഏജന്‍സിയും കാറ്ററിംഗ് യൂണിറ്റും നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. 

കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതും ഇവരെ ചോദ്യം ചെയ്തതും. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധു കൂടിയായ അഫ്‌സര്‍ ഖാന്‍ എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

കോയമ്പത്തൂരിലെ കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് മുമ്പില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് കാര്‍ സ്‌ഫോടനം ഉണ്ടായത്. മുഖ്യ ആസൂത്രകനായ ജമേഷ മുബീന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates