ഐഎസ്ആര്‍ഒ സ്‌പേഡെക്‌സ് ദൗത്യം; രണ്ടാം ഡോക്കിങ്ങും വിജയം

2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്

ISRO's Spadex mission; Second docking of satellites successful
സ്‌പേഡെക്‌സ് ദൗത്യംSource by : എക്‌സ്
Last Updated :21 April 2025, 1:30 pm IST

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. 'ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്' ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സില്‍ കുറിച്ചു.

2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും 2025 മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വിസി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച സ്‌പേഡെക്‌സ് ദൗത്യത്തില്‍ എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഈ സാറ്റ്‌ലൈറ്റുകളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ഊര്‍ജ്ജക്കൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് സ്‌പേഡെക്‌സ് ദൗത്യത്തില്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. 2025 ജനുവരി 16ന് രാജ്യത്തിന്റെറ ചരിത്രത്തിലെ കന്നി സ്‌പേസ് ഡോക്കിങ് ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയിരുന്നു. അന്ന് കൂട്ടിച്ചേര്‍ത്ത എസ്ഡിഎക്‌സ് 01 (ചേസര്‍), എസ്ഡിഎക്‌സ് 02 (ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ പിന്നീട് വിജയകരമായി ബഹിരാകാശത്ത് വച്ച് വേര്‍പെടുത്തി. ഇപ്പോള്‍ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളെ വീണ്ടും ഡോക്ക് ചെയ്തു.

ഗഗന്‍യാന്‍, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിങ് പരീക്ഷണ പദ്ധതിയാണ് സ്‌പേഡെക്‌സ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now