വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി; ചൈനീസ് സ്വകാര്യ റോക്കറ്റ് ചരിത്രനേട്ടത്തില്‍

China becomes first nation to recover orbital launch rockets
ഴുക്-3
Edited by :Amal Joy
Last Updated :19 ഓഗസ്റ്റ് 2026, 11:13 pm IST

ബെയ്ജിങ്: ബഹിരാകാശ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കി ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാന്‍ഡ്‌സ്‌പേസ്. ഴുക്-3 എന്ന റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജാണ് തിരിച്ചിറക്കിയത്. ഇതോടെ റോക്കറ്റ് പുനരുപയോഗ സാങ്കേതികവിദ്യയില്‍ സ്വകാര്യ കമ്പനികളായ സ്പേസ് എക്സിനും ബ്ലൂ ഒറിജിനിനുമൊപ്പം ലാന്‍ഡ്‌സ്‌പേസും ഇടം നേടി.

വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിന്ന് വിക്ഷേപിച്ച ഴുക്-3യുടെ ഫസ്റ്റ് സ്റ്റേജ് ഏകദേശം 390 കിലോമീറ്റര്‍ അകലെയുള്ള ഗാന്‍സു പ്രവിശ്യയിലാണ് തിരിച്ചിറങ്ങിയത്. ഒമ്പത് ബൂസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ലാന്‍ഡിങ് കാലുകള്‍ ഉപയോഗിച്ചാണ് റോക്കറ്റ് സുരക്ഷിതമായി ഇറക്കിയത്. 66.1 മീറ്റര്‍ ഉയരമുള്ള ഴുക്-3 റോക്കറ്റില്‍ മീഥേനും ദ്രവ ഓക്സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

പുനരുപയോഗിക്കാവുന്ന ജൂചുയ-3 റോക്കറ്റ് 20 തവണ വരെ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് 14.2 മെട്രിക് ടണ്‍ വരെ ചരക്ക് എത്തിക്കാന്‍ റോക്കറ്റിന് ശേഷിയുണ്ട്. വിജയകരമായി തിരിച്ചിറക്കിയ റോക്കറ്റ് ആറുമാസത്തിനുള്ളില്‍ വീണ്ടും ഉപയോഗിക്കാനാണ് ലാന്‍ഡ്‌സ്‌പേസിന്റെ പദ്ധതി. നേരത്തെ സ്പേസ് എക്സും ബ്ലൂ ഒറിജിനും തങ്ങളുടെ റോക്കറ്റുകള്‍ വിജയകരമായി തിരിച്ചിറക്കിയിരുന്നു.

ജൂലൈ 10ന് ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന എയറോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷന്‍ നിര്‍മിച്ച ലോങ് മാര്‍ച്ച് 10ബി റോക്കറ്റിന്റെ ആദ്യഘട്ടവും വിജയകരമായി വീണ്ടെടുത്തിരുന്നു. എന്നാല്‍ ആ റോക്കറ്റിന്റെ തിരിച്ചിറക്കലിന് കടലിലെ കപ്പലില്‍ സ്ഥാപിച്ച വല പോലുള്ള സംവിധാനത്തിന്റെ സഹായം ആവശ്യമായിരുന്നു. ഴുക്-3 ആകട്ടെ, പ്രത്യേക ലാന്‍ഡിങ് കാലുകളുടെ സഹായത്തോടെ കരയില്‍ നേരിട്ട് ഇറങ്ങി നിവര്‍ന്നുനിന്നു.

News Now

Summary

China becomes first nation to recover orbital launch rockets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates